കാട്ടാക്കട : അഞ്ച് വയസായ മകനെ ശരീരത്തോടു ചേർത്ത് കെട്ടി കരമന ആറ്റിൽ ചാടിയ യുവതിയെ സ്ഥലവാസികളായ യുവാക്കൾ സാഹസികമായി രക്ഷപെടുത്തി. വിളപ്പിൽശാല സ്വദേശിനിയായ 25 വയസുള്ള യുവതിയാണ് മകനുമായി ആറ്റിൽ ചാടിയത്. ഇപ്പോൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഇവർ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് മങ്കാട്ടുകടവ് പമ്പ് ഹൗസിനു സമീപം ആണ് സംഭവം. പമ്പ് ഹൗസ് ജീവനക്കാരായ മംഗൽ പ്രിയനും സജിത്തും സുഹൃത്തുക്കളായ വിളവൂർക്കൽ പെരുകാവ് സ്വദേശി അനിക്കുട്ടൻ, സജി, പ്രവീൺ, അഭിലാഷ് എന്നിവർ സംസാരിച്ചു നിൽക്കെയാണ് ഒരു കുട്ടി ആറ്റിലൂടെ കൈകാലുകൾ അടിച്ച് ഒഴുകി വരുന്നത് ഇവരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ അനിക്കുട്ടൻ ആറ്റിലേക്ക് ചാടി കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചു.
സജിയും മംഗൽ പ്രിയനും സജിത്തും അഭിലാഷും പിന്നാലെ നീന്തി എത്തി. കുട്ടിയുടെ അടുത്ത് എത്തിയപ്പോഴാണു യുവതിയും കൂടെ ഉള്ളത് അറിയുന്നത്. യുവതി ശരീരത്തോടു ചേർത്ത് തുണി കൊണ്ട് കെട്ടിയിരുന്ന കുട്ടിയെ വേർപ്പെടുത്താൻ വെള്ളത്തിൽ വച്ചു തന്നെ ശ്രമം നടത്തി. ആദ്യം കുട്ടിയേയും പിന്നീട് യുവതിയെയും രക്ഷപ്പെടുത്തി. കൂട്ടത്തിൽ നീന്തൽ അറിയാത്ത പ്രവീൺ മലയിൻകീഴ് പോലീസിനെയും ആംബുലൻസിനെയും വിവരം അറിയിച്ചു.
പമ്പ് ഹൗസിൽ നിന്ന് ഏറെ അകലെ അല്ലാത്ത ആളൊഴിഞ്ഞ ആറാട്ടു കടവിൽ വച്ചാണ് യുവതി മകനെയും കൊണ്ടു പുഴയിൽ ചാടിയതെന്ന് സംശയിക്കുന്നു. ഇതിനു സമീപത്തു നിന്നു യുവതിയുടെ സ്കൂട്ടർ കണ്ടെത്തി. ധരിച്ചിരുന്ന ചുരിദാറിന്റെ ഷാൾ കൊണ്ടാണ് യുവതി കുട്ടിയെ കെട്ടിയിരുന്നത്.കരയ്ക്കു കൊണ്ടു വരുമ്പോൾ കുട്ടിക്ക് ബോധം ഉണ്ടായിരുന്നു. എന്നാൽ പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷമാണ് യുവതിക്കു ബോധം വീണത്.
തുടർന്നുള്ള അന്വേഷണത്തിൽ അമ്മയും മകനും ആണെന്ന് തിരിച്ചറിഞ്ഞു.