കാട്ടാക്കട : കൗണ്‍സിലര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ ഒന്നാം പ്രതിയായ പ്രിന്‍സിപ്പല്‍ ജി.ജെ.ഷൈജുവിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യാന്‍ സാധ്യത.
ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ ജാമ്യമില്ലാ കുറ്റം ചുമത്തിയതിനാല്‍ രണ്ടു പ്രതികളേയും ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്.
അതേസമയം ആള്‍മാറാട്ടത്തില്‍ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടോ എന്നതടക്കം പരിശോധിക്കുകയാണ് പാര്‍ട്ടി. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഡി.കെ.മുരളി, പുഷ്പലത എന്നിവരുടെ അന്വേഷണ കമ്മീഷന് രൂപീകരിച്ചു.
തട്ടിപ്പില്‍ പങ്കില്ലെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എംഎല്‍എമാരായ ഐ.ബി.സതീഷും ജി.സ്റ്റീഫനും സിപിഎമ്മിന് കത്ത് നല്‍കിയിരുന്നു.
കോളേജിലെ എസ് എഫ് ഐ ആള്‍മാറാട്ടത്തില്‍ എസ്എഫ്ഐ നേതാവ് വിശാഖിനെതിരെ പോലീസ് കേസെടുത്തതോടെ എസ് എഫ് ഐയില്‍ വിഭാഗിയത വര്‍ധിക്കാന്‍ സാധ്യത.
വിശാഖിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ നിലവില്‍ ചേരിപ്പോര് ഉയര്‍ന്നിരിക്കെയാണ്. ആള്‍മാറാട്ടം, വ്യാജ രേഖ ചമക്കല്‍, വിശ്വാസ വഞ്ചന എന്നിയ്ക്കാണ് പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജുവിനെതിരെയും വിദ്യാര്‍ത്ഥി വിശാഖിനെതിരെയും കാട്ടാക്കട പോലീസ് കേസെടുത്തത്.
കാട്ടാക്കടയില്‍ സിപിഎം രണ്ടു തട്ടിലാണ്. നേരത്തെ ആള്‍മാറാട്ട പരാതി നല്‍കിയത് എസ്എഫ്ഐയിലെ ഒരു വിഭാഗമാണ്. ഇത് മറുവിഭാഗത്തെ ചൊടിപ്പിച്ചു. ഇത് പിന്നെ പാര്‍ട്ടിയിലേക്കും പടര്‍ന്നു. ആമച്ചല്‍ കാരനായ വിശാഖിനെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും പുറത്താക്കി.
പാര്‍ട്ടി വിശാഖിനെതിരെ നടപടി എടുത്തത് തന്നെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. അതിനിടെ ആള്‍മാറാട്ടത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കാട്ടാക്കട, അരുവിക്കര എംഎല്‍എ മാര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക്് പരാതി നല്കിയതും പുതിയ വിവാദത്തിന് തിരികൊളുത്തും. ഇത് പാര്‍ട്ടിയിലെ വിഴുപ്പലക്കലിനും എസ്എഫ് ഐയിലെ ചേരിപ്പോരിനും വളമേകും എന്നാണ് ചൂണ്ടികാട്ടപ്പെടുന്നത്.
ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റത്തിനാണ് കേരള സര്‍വ്വകലാശാല നല്കിയ പരാതിയിലെ കേസ്. സര്‍വ്വകലാശാല രജിസ്ട്രാര്‍ പോലീസ് മേധാവിക്ക് നല്കിയ പരാതി കാട്ടാക്കട പൊലീസിന് കൈമാറിയിരുന്നു.
കാട്ടാക്കട പോലീസ് എടുത്ത കേസ് ആള്‍മാറാട്ടത്തിനും വ്യാജ രേഖചമക്കലിനും വിശ്വാസ വഞ്ചനക്കുമാണ്.
സമാന ആവശ്യം ഉന്നയിച്ച് കെഎസ് യു സംസ്ഥാന പ്രസിഡന്റ് നല്കിയ പരാതിയില്‍ പോലീസ് കേസെടുക്കാതിരുന്നത് ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ കക്ഷിയല്ലാത്ത ആള് നല്കിയ പരാതിയില്‍ കേസെടുത്താല്‍ നിലനില്‍ക്കില്ലെന്നായിരുന്നു പോലീസ് വിശദീകരണം. എന്നാല്‍ പ്രധാനകക്ഷിയായ സര്‍വ്വകലാശാല പരാതി നല്‍കിയതോടെയോണ് കേസെടുക്കേണ്ടിവന്നത്.
കേസെടുത്തതോടെ സിപിഎം നേതാക്കളെ അടക്കം പോലീസ് ചോദ്യം ചെയ്യുമോ എന്നാണ് അറിയേണ്ടത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത എസ്എഫ്ഐ നേതാവ് എ.വിശാഖിനെ യൂണിവേഴ്സിറ്റി യൂണിയന് ചെയര്‍മാനാക്കാനായിരുന്നു ആള്‍മാറാട്ടം.
ജില്ലയിലെ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് നീക്കമെന്ന സൂചനകള്‍ ശക്തമാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലും നേതാക്കള്‍ അറിയാതെ ഇത്തരം സംഭവം നടക്കുമോ എന്ന വിമര്‍ശനം ഉയര്‍ന്നു.
അതിന് പിന്നാലെയാണ് കാട്ടാക്കട എംഎല്‍എ ഐ.ബി.സതീഷും അരുവിക്കര എംഎല്‍എ ജി.സ്റ്റീഫനും സംഭവത്തില്‍ പങ്കില്ലെന്ന് കാണിച്ചും അന്വേഷണം ആവശ്യപ്പെട്ടും പാര്‍ട്ടിയെ സമീപിച്ചത്.
തട്ടിപ്പിനെപ്പറ്റി നിലവില്‍ ജില്ലാ കമ്മിറ്റി നിര്‍ദ്ദേശപ്രകാരം കോവളം ഏരിയ കമ്മിറ്റി സെക്രട്ടറിയാണ് അന്വേഷിക്കുന്നത്.