കാട്ടാക്കട : കാട്ടാക്കടയിൽ മോഷ്ടാക്കൾ വിലസുന്നു. ഇന്നലെ ക്ഷേത്രത്തിൽ മോഷണം നടന്നതിനു പിന്നാലെ പള്ളിയിലും തയ്യൽക്കടയിലും കവർച്ച നടന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് വ്യാപക മോഷണം കാട്ടാക്കടയിലും പരിസരത്തും അരങ്ങേറിയത്. പൊട്ടൻകാവ് ദേവി ക്ഷേത്രത്തിലെ കാണിക്ക വഞ്ചികുത്തി പൊളിച്ച് 6000 രൂപ കൊണ്ടുപോയി.
അതിനു പിന്നാലെയാണ് മുതിയാവിള സെന്റ് ആൽബർട്സ് ഫെറോന പള്ളിയുടെ കുരിശടിയിൽ സ്ഥാപിച്ചിരുന്ന രണ്ട് സിസിടിവി ക്യാമറയും മോഷ്ടിച്ചത്. മുതിയാവിള ജംക്ഷനിൽ ഷെർളിയുടെ ടെയിലറിങ്ങ് ഷോപ്പ് കുത്തി തുറന്ന് പതിനായിരത്തിലേറെ രൂപയുടെ തുണിത്തരങ്ങൾ കൊണ്ട് പോയി.
തയ്യലിനൊപ്പം തുണിത്തരങ്ങളും വിൽപനയുണ്ടിവിടെ. അഞ്ചുതെങ്ങിൻമൂട് സ്വദേശി വിനോദിന്റെ റസ്റ്ററന്റ് കുത്തി തുറന്ന് അകത്ത് കടന്ന മോഷ്ടാവ് കടയിൽ സൂക്ഷിച്ച പഴ്സിലുണ്ടായിരുന്ന 12,000രൂപ മോഷ്ടിച്ചുവെന്നാണ് പരാതി.
പട്രോളിങ്ങ് ശക്തമല്ലെന്ന പരാതി നിലനിൽക്കെയാണ് പട്ടണത്തിന്റെ നാലു കിലോമീറ്റർ ചുറ്റളവിൽ പ്രധാന റോഡുകളുടെ ഓരത്തുള്ള സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും കവർച്ച നടന്നതെന്നത് ശ്രദ്ധേയം.
കഴിഞ്ഞ മാസമാദ്യം തൃക്കാഞ്ഞിരപുരത്തും, ആമച്ചലും,നാഞ്ചല്ലൂരുമൊക്കെ ക്ഷേത്രങ്ങളിൽ വ്യാപകമായി കവർച്ച നടന്നു.ഈ സംഭവത്തിൽ ഒരാളെ പിടികൂടിയിരുന്നു.കവർച്ച നടന്ന സ്ഥലങ്ങളിൽ വിരലടയാള വിദഗ്ധരും പൊലീസും പരിശോധന നടത്തി.അന്വേഷണം തുടങ്ങി. പരോളിൽ ഇറങ്ങി വീണ്ടും മോഷണം നടത്തുന്നവരുടെ ലിസ്റ്റ് തയ്യാറാക്കുകയാണ് പോലീസ്. ഇവരോ ഇവർക്ക് കൂടെയുള്ളവരോ ആകാം ഇതിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.