കാട്ടാക്കട : കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദിച്ച കെഎസ്ആർടിസി ജീവനക്കാരെ അഞ്ചാം ദിവസവും അറസ്റ്റ് ചെയ്യാതെ പോലീസ്.
പ്രതികൾ ഫോൺ ഓഫ് ചെയ്ത് ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘം നൽകുന്ന വിശദീകരണം.
മർദിച്ച സംഘത്തിലുൾപ്പെട്ട മെക്കാനിക് അജിയേയും കേസിൽ പ്രതി ചേർത്തു. ഒളിവിൽ നിന്ന് പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്.
പ്രതികൾക്കെതിരെ എസ്ഇ എസ്ടി അതിക്രമ നിയമം നിലനിൽക്കില്ലെന്നാണ് പോലീസിന് കിട്ടിയ നിയമോപദേശം.
അഞ്ചാമൻ അജി
ദൃശ്യങ്ങളിൽ കണ്ട അഞ്ചാമനായ മെക്കാനിക് അജിയെ കേസിൽ പ്രതി ചേർത്തിരുന്നു. എഫ്ഐആറിൽ അഞ്ചാമനായി ഒരു മെക്കാനിക്ക് എന്ന് എഴുതിയിരുന്നെങ്കിലും പേര് ചേർത്തിരുന്നില്ല.
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അഞ്ചാമൻ അജിയാണെന്ന് തിരിച്ചറിഞ്ഞ് പ്രതിചേർത്തത്.
ഐഎൻടിയുസി പ്രവർത്തകനായിരുന്ന അജി അടുത്തിടെയാണ് സിഐടിയുവിൽ ചേർന്നത്. ദൃശ്യങ്ങളിൽ നീല വസ്ത്രം ധരിച്ച് കണ്ട അജിക്കെതിരെ കേസെടുക്കാത്തത് വ്യാപക വിമർശനം ഉയർന്നിരുന്നു.
റിപ്പോർട്ട് ഹൈക്കോടതിയിൽ
അതിനിടെ, കാട്ടാക്കടയിൽ മകളുടെ മുന്നിൽ വെച്ച് അച്ഛനെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ച സംഭവത്തിൽ കെഎസ്ആർടിസി അധികൃതർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
മർദനമേറ്റ പ്രേമനനെയും മകളെയും നേരിട്ട് വിളിച്ച് ക്ഷമാപണം നടത്തിയതായി കെഎസ്ആർടിസി അറിയിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഇരുവർക്കും ഉറപ്പ് നൽകി.
അക്രമി സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്ന് അന്വേഷിച്ചതായും റിപ്പോർട്ടിലുണ്ട്. ദൃശ്യങ്ങൾ ചിത്രീകരിച്ച കെഎസ്ആർടിസിയിലെ ജീവനക്കാരന് നേരെ സുരക്ഷാ ഭീഷണിയുണ്ടെന്നും കേസിൽ ഉൾപ്പെട്ടവരുടെ യൂണിയൻ ഇദ്ദേഹത്തെ ലക്ഷ്യം വെക്കുന്ന സാഹചര്യത്തിൽ സുരക്ഷകരണങ്ങളാൽ ഇയാളെ മറ്റൊരു യുണിറ്റിലേക്ക് സ്ഥലം മാറ്റിയതായും കെഎസ്ആർടിസി കോടതിയെ അറിയിച്ചു.
മകൾ രേഷ്മയ്ക്കും മകളുടെ സുഹൃത്തിനുമൊപ്പം കൺസഷൻ കാർഡ് പുതുക്കാൻ എത്തിയപ്പോളാണ് പ്രേമനും മകൾക്കും മർദനമേറ്റത്്.