ബാഴ്സലോണ: മധുരപ്പതിനേഴുകാരൻ അൻസു ഫാത്തിയും സ്റ്റാർ സ്ട്രൈക്കർ ലയണൽ മെസിയും തിളങ്ങിയ പോസ്റ്റ് ലോക്ക്ഡൗൺ മത്സരത്തിൽ ബാഴ്സയ്ക്ക് ലാ ലിഗയിൽ തുടർച്ചയായ രണ്ടാം ജയം. ലഗാനസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബാഴ്സ പരാജയപ്പെടുത്തിയത്.
ഇതോടെ 29 മത്സരങ്ങളിൽ 64 പോയിന്റുമായി കിരീടത്തിലേക്കുള്ള അകലം കറ്റാലൻമാർ കുറച്ചു. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡ് 28 മത്സരങ്ങളിൽ 59 പോയിന്റുമായി തൊട്ടുപിന്നാലെയുണ്ട്.
കോവിഡ് മൂലം അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ഇരുപകുതികളിലും ഓരോന്നുവീതം ലഗാനസിന്റെ പോസ്റ്റിൽ നിക്ഷേപിച്ചാണ് ബാഴ്സ ജയം ആധികാരികമാക്കിയത്.
42 ാം മിനിറ്റിൽ ഗ്രീസ്മാന്റെ ക്രോസിൽനിന്നാണ് ഫാത്തി ഗോൾ നേടിയത്. റുബൻ പെരസ് ബോക്സിൽ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി മെസി തന്നെ ലക്ഷ്യത്തിലെത്തിച്ച് ജയം ആധികാരികമാക്കി.