ചാലക്കുടി: മലയോര മേഖലയിലെ വാറ്റു കേന്ദ്രത്തിൽ നിന്നും ചാരായവും വാഷും പിടികൂടിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതികളിൽ ഒരാളെ ചാലക്കുടി ഡിവൈഎസ്പി കെ. ലാൽജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി ഇഞ്ചകുണ്ട് നാടിപ്പാറ കുന്നുമ്മൽ വീട്ടിൽ കാട്ടാളൻ എന്നറിയപ്പെടുന്ന അനീഷി(35)നെയാണ് പിടികൂടിയത്.
മാർച്ച് 12ന് വരന്തരപ്പിള്ളി-വെള്ളിക്കുളങ്ങര വനമേഖലയിൽ നടത്തിയ റെയ്ഡിൽ വാറ്റുകേന്ദ്രം കണ്ടെത്തുകയും അഞ്ച് ലിറ്റർ ചാരായവും 200 ലിറ്റർ വാഷും പിടികൂടിയിരുന്നു. പോലീസ് എത്തിയപ്പോൾ ചാരായം വാറ്റികൊണ്ടിരുന്നവർ ഓടി രക്ഷപ്പെട്ടു. വനത്തിലേക്ക് രക്ഷപ്പെട്ട പ്രതികൾക്കു വേണ്ടി ദിവസങ്ങളോളം വനത്തിൽ തെരച്ചിൽ നടത്തിവരികയായിരുന്നു.
വനത്തിനുള്ളിലേക്ക് അവശ്യവസ്തുക്കൾ മാത്രമായിട്ടാണ് ഇവർ രക്ഷപ്പെട്ടത്. ദിവസം ഒരു നേരം മാത്രം അരിഭക്ഷണവും മറ്റു സമയങ്ങളിൽ കായ്കനികൾ ഭക്ഷിച്ചാണ് ജീവിച്ചിരുന്നത്. മരക്കൊന്പുകളിലും പാറയിടുക്കുകളിലുമാണ് അന്തിയുറങ്ങിയിരുന്നത്. കൈയിൽ കരുതിയിരുന്ന ഭക്ഷ്യവസ്തുക്കൾ തീർന്നതോടെ ഗത്യന്തരമില്ലാതെ പുലർച്ചെ വനത്തിൽ നിന്നും പുറത്ത് കടന്നപ്പോൾ പോലീസിന്റെ മുന്നിൽ ചെന്നു വീഴുകയാണ് ഉണ്ടായത്.
അനീഷിന്റെ സുഹൃത്തിനെയും പിടികൂടുന്നതിന് പോലീസ് ശ്രമം നടത്തിവരികയാണ്. പ്രത്യേക അന്വേഷണസംഘത്തിൽ ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, പി.എം.മൂസ, വി.യു.സിൽജോ, എ.യു.റെജി, ഷിജോ തോമസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.