തൃശൂർ: “”അപ്പൻ ശരിക്കും ഹീറോ ആയിരുന്നു. സിനിമേല് കാണിച്ചപോലെ തന്നെ. പടം ഞങ്ങൾക്കിഷ്ടപ്പെട്ടു.” കേരളത്തിലെ തിയറ്ററുകളെ ഇളക്കിമറിക്കുന്ന പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലെ ടൈറ്റിൽ കഥാപാത്രങ്ങളിലൊന്നായ പൊറിഞ്ചുവിന്റെ ആവിഷ്കാരത്തിന് കാരണമായ തൃശൂരിലെ കാട്ടാളൻ പൊറിഞ്ചുവിന്റെ മകൾ പറഞ്ഞു നിർത്തിയപ്പോൾ കൈയടികൾ ഉയർന്നു. സിനിമയിൽ പൊറിഞ്ചുവിന്റെ ഇൻട്രൊഡക്ഷൻ സമയത്ത് ഉയർന്ന കൈയടിപോലെ.
മരണത്തിന്റെ അന്പതാം വാർഷികത്തിൽ വെള്ളിത്തിരയിൽ പുനർജനിച്ച കാട്ടാളൻ പൊറിഞ്ചുവിനെ പ്രേക്ഷകർ നെഞ്ചേറ്റുന്പോൾ ശരിക്കുള്ള പൊറിഞ്ചുവും അഞ്ചു പതിറ്റാണ്ടിനിപ്പുറം ഹീറോ ആവുകയാണ്. ഇന്നലെ തൃശൂർ സപ്ന തിയറ്ററിൽ സിനിമയുടെ അണിയറ പ്രവർത്തകർ ശരിക്കുള്ള പൊറിഞ്ചുവിന്റെ വീട്ടുകാരെ ആദരിക്കാൻ ഒരുക്കിയ ചടങ്ങിലാണ് പൊറിഞ്ചുവിന്റെ മൂത്തമകൾ കുഞ്ഞല തങ്ങളുടെ പ്രിയപ്പെട്ട അപ്പനെക്കുറിച്ച് വാചാലയായത്.
സിനിമയിൽ പൊറിഞ്ചുവിന്റെ പ്രണയനായികയായി തകർത്താടിയ മറിയയെ അവതരിപ്പിച്ച നൈല ഉഷയും സിനിമയൊരുക്കിയ സംവിധായകൻ ജോഷിയും മറ്റ് അണിയറ പ്രവർത്തകരും കൗതുകത്തോടെ അതിലേറെ ആകാംക്ഷയോടെ കുഞ്ഞലയുടെ വാക്കുകൾ കേട്ടിരുന്നു..
അപ്പൻ പുലിക്കളിക്ക് വേഷംട്ടിട്ടുണ്ട് എന്നു പറഞ്ഞ് കുഞ്ഞല ചിരിച്ചു.
പിന്നെ….പിന്നെ…
കള്ളടിച്ചാൽ അപ്പന് പാടണം, അപ്പൻ പാടും എന്ന് മൂത്തമകളായ കുഞ്ഞല പറഞ്ഞപ്പോൾ ഏവരിലും ചിരി പടർന്നു.
അതായിരുന്നു കാട്ടാളൻ പൊറിഞ്ചു. ബസ് പോർട്ടറായിരുന്ന പൊറിഞ്ചു പടിഞ്ഞാറേ കോട്ടയിലെ ഇറച്ചിവെട്ടുകാരനും ജനകീയനായിരുന്ന പൊതുപ്രവർത്തകനുമായിരുന്നു. സാക്ഷാൽ കാട്ടാളൻ പൊറിഞ്ചുവിന്റെ ജീവിതം അതേ പടി സിനിമയാക്കുകയല്ല മറിച്ച് പൊറിഞ്ചുവിന്റെ പേരും സ്വഭാവങ്ങളിലെ സവിശേഷതകളുമെല്ലാം സിനിമാറ്റിക്കായി അവതരിപ്പിക്കുകയായിരുന്നു പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിൽ.
അതുകൊണ്ടുതന്നെ സിനിമയിലെ കുറേ കാര്യങ്ങൾ സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയതാണെന്ന് കുഞ്ഞലയും സമ്മതിക്കുന്നു. അപ്പന് ശരിയാണെന്ന് തോന്നണത് പറയാനും ചെയ്യാനും ഭയങ്കര ചങ്കൂറ്റായിരുന്നു. പക്ഷേങ്കില് അപ്പന്റെ പ്രണയോം മറ്റും സിനിമക്ക് വേണ്ടി ഉണ്ടാക്കിയതാണ് കുഞ്ഞല പറഞ്ഞു.കിഴക്കേ കോട്ടയിലെ മറിയയും പുത്തൻപള്ളി ജോസുമൊക്കെ തൃശൂരിൽ ജീവിച്ചിരുന്നവർ തന്നെയായിരുന്നുവെങ്കിലും അവരുമായുള്ള സൗഹൃദവും പ്രണയവുമെല്ലാം സിനിമയ്ക്ക് വേണ്ടിയുള്ള സാങ്കൽപിക സൃഷ്്ടികളാണെന്നാണ് കുഞ്ഞലയുടെ പക്ഷം.
“പക്ഷേ സിനിമ ഞങ്ങക്ക് ഇഷ്ടായി. അപ്പനെ വീരനായിട്ടല്ലേ കാണിക്കണേ..’ കുഞ്ഞല സന്തോഷം മറച്ചുവെച്ചില്ല.സിനിമയിൽ സാങ്കൽപിക സന്ദർഭങ്ങൾ ഏറെയുണ്ടെങ്കിലും പളളിയിൽ പൂട്ടിയിട്ട പുരോഹിതനെ രക്ഷിക്കുന്നതെല്ലാം അപ്പൻ ചെയ്തതായി കേട്ടിട്ടുണ്ടെന്നും അരണാട്ടുകര പള്ളിയിലെ ആ പുരോഹിതനാണ് പൊറിഞ്ചുവിന് കാട്ടാളൻ പൊറിഞ്ചുവെന്ന വിളിപ്പേര് ചാർത്തിക്കൊടുത്തതെന്ന് കേട്ടിട്ടുണ്ടെന്നും കുഞ്ഞലയുടെ ഓർമ.മൂന്നു മക്കളായിരുന്നു പൊറിഞ്ചുവിന്.
മൂത്തമകളായ കുഞ്ഞല ലാലൂരിലാണ് താമസം. സഹോദരി ഓമന ബംഗളുരുവിൽ. പൊറിഞ്ചുവിന്റെ മകൻ ജോസ് നേരത്തെ മരിച്ചു. ജോസിന്റെ മകൻ സോജന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റിയൽ ഹീറോ ആയ കാട്ടാളൻ പൊറിഞ്ചുവിനെ പുതിയ തലമുറ കാണുന്നത്.32-ാം വയസിൽ അരിന്പൂരിലെ നാലണ സമരത്തിൽ പങ്കെടുത്ത് തിരിച്ചുവരുന്നതിനിടെ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയ കാറിടിച്ചാണ് അന്പതു വർഷം മുന്പ് 1969 സെപ്റ്റംബർ 20ന് കാട്ടാളൻ പൊറിഞ്ചു മരിക്കുന്നത്. അപ്പൻ മരിച്ചപ്പോൾ അലങ്കരിച്ച ലോറീല് വിലാപയാത്രയായിട്ടാണ് ഡെഡ്ബോഡി കൊണ്ടുവന്നത്.
പടിഞ്ഞാറേ കോട്ടയിലെ പോർക്കങ്ങാടിയിൽ പൊതുദർശനോം ഉണ്ടായിരുന്നു. അന്ന് മന്ത്രി ഇന്പിച്ചിബാവയൊക്കെ വന്ന് അപ്പന് ആദരാഞ്ജലിയർപ്പിച്ചിരുന്നു… മറക്കാൻ കഴിയാത്ത ആ ദിവസത്തെക്കുറിച്ച് കുഞ്ഞല വേദനയോടെ ഓർമിച്ചു.
പൊറിഞ്ചു മറിയം ജോസിന്റെ നിർമാതാവ് ഡേവിഡ് കാച്ചപ്പള്ളി, കാമറമാൻ അജയ് ഡേവിഡ് കാച്ചപ്പിള്ളി, തിരക്കഥാകൃത്ത് അഭിലാഷ് ചന്ദ്രൻ, അഭിനേതാക്കളായ ഇ.എ.രാജേന്ദ്രൻ, ജയരാജ് വാര്യർ, സ്വാസിക, അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശേരി, അണിയറ പ്രവർത്തകരായ റെജിമോൻ, സുരാജ്, അരുണ്ഘോഷ് എന്നിവരും സിനിമാസ്വാദകരും പൊറിഞ്ചുവിന്റെ കുടുംബത്തെ ആദരിക്കുന്ന ചടങ്ങിന് എത്തിയിരുന്നു.
സംവിധായകൻ ജോഷിയുടെയും മറ്റുള്ളവരുടേയും സാന്നിധ്യത്തിൽ പൊറിഞ്ചുവിന്റെ മകൾകുഞ്ഞലയ്ക്ക് നൈല ഉഷ മൊമെനന്റോയും പാരിതോഷികവും സമ്മാനിച്ചു. പൊറിഞ്ചുവും മറിയവും ജോസുമൊക്കെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്പോൾ അന്പതാണ്ട് മുന്പ് തൃശൂരിനെ വിറപ്പിച്ച പടിഞ്ഞാറേ കോട്ടയിലെ ഒറ്റയാനായ കാട്ടാളൻ പൊറിഞ്ചുവിനെ പൂരനഗരി വീണ്ടും വീരപരിവേഷത്തോടെ നെഞ്ചോടു ചേർക്കുകയാണ്.