ഒറ്റപ്പാലം: കടന്പഴിപ്പുറം ഇരട്ടക്കൊലപാതകത്തിൽ ക്രൈംബ്രാഞ്ചും ഇരുട്ടിൽ തപ്പുന്ന സാഹചര്യത്തിൽ കേസന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം തുടങ്ങാൻ സമരസമിതി തീരുമാനിച്ചു. 2016 നവംബർ 16ന് കണ്ണകുറുശി ചീരതൊടി ഗോപാലകൃഷ്ണൻ, ഭാര്യ തങ്കമണി എന്നിവരാണ് വീട്ടിനുള്ളിൽ ദാരുണമായി കൊലചെയ്യപ്പെട്ടത്.ഇതിന്റെ ഭാഗമായി ഫെബ്രുവരി 20 മുതൽ 28 വരെ കടന്പഴിപ്പുറം ആശുപത്രി ജംഗ്്ഷനിൽ നിരാഹാരസമരം നടത്തും.
ലോക്കൽ പോലീസും നിലവിൽ ക്രൈംബ്രാഞ്ചും നടത്തുന്ന കേസ് അന്വേഷണം എവിടെയുമെത്താത്ത സാഹചര്യത്തിലാണ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ സംയുക്തസമരസമിതി തീരുമാനമെടുത്തത്.ലോക്കൽ പോലീസിന് കേസ് അന്വേഷണത്തിൽ തെളിവുകളൊന്നും ശേഖരിക്കാൻ കഴിയാതെ വന്നതോടെ ജനകീയ പ്രതിഷേധത്തെ തുടർന്ന് അന്വേഷണം ലോക്കൽ പോലീസിൽനിന്നു ക്രൈംബ്രാഞ്ചിനെ ഏല്പിക്കുകയായിരുന്നു.
185 ആളുകളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. എന്നാൽ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല.
സംഭവസ്ഥലത്തുനിന്നും ലഭിച്ച വിരലടയാളങ്ങൾ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പരിശോധനയിലാണ്. മാത്രമല്ല പ്രദേശത്തെ മുഴുവൻ ഫോണ്‍കോളുകളും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമായി വ്യാപിപ്പിച്ചിരുന്ന ക്രൈംബ്രാഞ്ച് അന്വേഷണം ഉൗർജിതമാണെന്നും സാങ്കേതികവിദഗ്ധരുടെ സഹായത്തോടെ പ്രതികളെ പിടികൂടാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പി ഉണ്ണി എംഎൽഎയുടെ സബ്മിഷന് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നല്‍കിയിരുന്നു.
എന്നാൽ രണ്ടുവർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ തുടരന്വേഷണം സിബിഐക്ക് കൈമാറണമെന്നാണ് സംയുക്തസമരസമിതി ചെയർമാൻ എൻ.കേശവൻ, കണ്‍വീനർ ഹരിദാസൻ വൈദ്യർ എന്നിവർ ആവശ്യപ്പെട്ടത്. കൃത്യം നടന്ന വീടിന് പുറത്തുള്ള കിണറ്റിൽനിന്ന് ഇരുവരേയും വധിക്കാൻ ഉപയോഗിച്ചതായി കരുതുന്ന ആയുധം പോലീസ് കണ്ടെടുത്തിരുന്നു. ഇരുവരുടെയും ജഡങ്ങൾ കിടന്നിരുന്ന മുറിയിൽനിന്നും മണംപിടിച്ച് അല്പദൂരം ഓടിയ പോലീസ് നായ സമീപത്തെ വയലിൻ അരികിലെത്തി നില്‍ക്കുകയായിരുന്നു.
മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയശേഷം കൃത്യം നടത്തിയവർ മൂർച്ചയുള്ള ആയുധം കിണറ്റിൽ ഉപേക്ഷിച്ചശേഷം രക്ഷപ്പെട്ടതാകാമെന്നാണ് പോലീസ് നിഗമനം.എന്നാൽ കൃത്യം നടത്താൻ എന്താണ് കാരണം എന്നതിനെക്കുറിച്ച് വ്യക്തതയില്ല. മോഷണം മാത്രമായിരുന്നില്ല കൃത്യത്തിന് പിറകിലുള്ള വികാരമെന്നാണ് പോലീസ് സംശയിക്കുന്നത്.