പത്തനാപുരം: കിഴക്കൻ മലയോര മേഖലയിൽ വന്യമൃഗശല്യത്താൽ ജനങ്ങൾ പൊറുതിമുട്ടി.കഴിഞ്ഞ ദിവസങ്ങളില്‍ രാപകല്‍ ഭേദമില്ലാതെ ചെമ്പനരുവി മേഖലയിൽ കാട്ടാനകൂട്ടം എത്തി. മേഖലയിലെ കർഷകരുടെ തെങ്ങ്, വാഴ, ചീനി, കമുക്, കുരുമുളക്, കോലിഞ്ചി, റബർ തുടങ്ങിയ കാർഷിക വിളകൾ നശിപ്പിക്കപ്പെട്ടു.
ആന, പന്നി, മലയണ്ണാൻ, കുരങ്ങ് തുടങ്ങിയ വന്യ ജീവികൾ പ്രദേശത്തെ ജനങ്ങളുടെ സ്വസ്ഥത നശിപ്പിച്ചിരിക്കുകയാണ്. ചെമ്പനരുവി, ചണ്ണയ്ക്കാമൺ, ചെറുകടവ്, ഓലപ്പാറ, കുമരംകുടി, ചാങ്ങപ്പാറ പ്രദേശത്തെ ജനങ്ങളുടെ ഭീതി ഒഴിയുന്നില്ല.
രണ്ട് വർഷം മുൻപ് എസ് എഫ് സി കെ ടാപ്പിംഗ് സൂപ്പർവൈസർ ആയിരുന്ന സുഗതന് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു. മൂന്നു മാസം മുൻപ് ചെരിപ്പിട്ട കാവ് എസ്റ്റേറ്റിലെ തൊഴിലാളിയായ ലില്ലിക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായെങ്കിലും തലനാരിഴയ്ക്കാണ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടത്.
ലില്ലി ഇപ്പോഴും ചികിത്സയിലായതിനാൽ തൊഴിലിനിറങ്ങിയിട്ടില്ല. കോട്ടക്കയം നിരത്ത് പാറ ഭാഗത്ത് വച്ച് അച്ഛനും മകളും ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ കാട്ടാനയ്ക്ക് മുൻപിൽ പെട്ടതും ഭാഗ്യവശാൽ രക്ഷപെട്ടതും അടുത്ത കാലത്താണ്.
ജനവാസ കേന്ദ്രത്തിന് ചുറ്റും പലയിടങ്ങളിലും സൗരോർജ വേലികളുണ്ടെങ്കിലും ഫലപ്രദമല്ല. ഇന്നലെ ചെറുകടവ് ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള സൗരോർജ വേലി കടന്ന് വന്നാണ് മൂലമൺ ഷൈജു മൻസിലിൽ സുബൈദയുടെ വീട്ടുമുറ്റത്തെ തെങ്ങും കാർഷിക വിളകളും നശിപ്പിച്ചത്.
പ്രദേശത്ത് സൗരോർജ വേലികൾക്ക് പകരം കിടങ്ങുകൾ സ്ഥാപിക്കണമെന്നും, വന്യ മൃഗശല്യത്തിൽ പരിക്കേറ്റവർക്കും നഷ്ടപ്പെട്ട കാർഷിക വിളകൾക്കും നഷ്ടപരിഹാരം അധികാരികൾ നൽകണമെന്നും യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി സുധീർ മലയിൽ ആവശ്യപ്പെട്ടു.