മുക്കം: ഇത് കണ്ടോ സാറെ, കാട്ടാനക്കൂട്ടം കഴിഞ്ഞ രാത്രി കാട്ടി കൂട്ടിയതാണിതെല്ലാം, ഭാഗ്യം കൊണ്ട് ജീവൻ പോയില്ല. ഈ കൊച്ചു കുട്ടികളേയും കൊണ്ട് ഞങ്ങൾ എന്ത് ചെയ്യാനാ …70കാരൻ വർഗീസ് മാത്യുവിന്റെ ദയനീയ ചോദ്യത്തിന് മുന്നിൽ മറുപടി ഉണ്ടായിരുന്നില്ല.
താമസിക്കുന്ന വീടിനുചുറ്റും സദാസമയവും കാട്ടാനക്കൂട്ടം. ഉപജീവനത്തിനായി ചെയ്യുന്ന കൃഷികൾ ആകെ ആനകൾ തകർത്തെറിയുന്നു. പുറംലോകത്ത് എത്താൻ ഒരു നല്ല വഴിയോ മറ്റു സൗകര്യങ്ങളോ ഇല്ല. കോഴിക്കോട്-മലപ്പുറം ജില്ലാതിർത്തിയോട് ചേർന്ന കക്കാടംപൊയിലിന് സമീപത്തെ വെണ്ടേക്കും പൊയിൽ മേലെ മങ്ങാടുള്ള അഞ്ച് കുടുംബങ്ങളുടെ ദുരിതജീവിതമാണിത്.
രാപ്പകൽ വ്യത്യാസമില്ലാതെ കാട്ടാനകളെ പേടിച്ചു കഴിയുന്നവരാണ് ഈ വീടുകളിൽ ഉള്ളത്. പതിറ്റാണ്ടുകളായി കൃഷി മുഖ്യ ഉപജീവനമാർഗമായ ഇവിടെ താമസിക്കുന്ന ഈ കുടുംബങ്ങൾക്ക് കാട്ടാനകളുടെ ആക്രമണം ഇത്ര രൂക്ഷമാകുന്നത് സമീപകാലത്താണ്.
ഇപ്പോൾ വീടിന് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ഇവർ. 2500ഓളം വാഴകളാണ് കഴിഞ്ഞദിവസം കാട്ടാനക്കൂട്ടം നശിപ്പിച്ചത്. കടം വാങ്ങിയും മറ്റും ഇറക്കിയ കൃഷിയാണ് നശിപ്പിച്ചത്. ഇനി തങ്ങൾ എന്ത് ചെയ്യുമെന്ന് റജി വർഗീസ് ചോദിക്കുന്നു.
ദുർബലമായ വഴിയും യാതൊരുവിധ വാർത്താവിനിമയ സൗകര്യങ്ങളും ലഭ്യമല്ലാത്ത ഈ പ്രദേശത്തുനിന്ന് മൂന്ന് കിലോമീറ്റർ നടന്നാണ് കുട്ടികൾ വിദ്യാലയത്തിലേക്ക് പോയിരുന്നത്. വഴിനീളെ ആനകൾ ഉള്ളതിനാൽ രക്ഷിതാക്കൾ കുട്ടികൾക്കൊപ്പം രാവിലെയും വൈകുന്നേരങ്ങളിലും കൂടെ പോകേണ്ട അവസ്ഥ.
ഇപ്പോൾ ഓൺലൈൻ പഠന സൗകര്യങ്ങൾ ഒന്നുമില്ലാത്തതിനാൽ പഠനവും മുടങ്ങിയ അവസ്ഥയിലാണ് ഇവിടുത്തെ കുട്ടികൾ. തങ്ങളുടെ പഠനം മുടങ്ങുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും. കാട്ടാനശല്യത്തിനെതിരെ സോളാർ ഫെൻസിംഗ് ഉൾപ്പെടെ ലഭ്യമാക്കണമെന്ന പരാതി ഉൾപ്പെടെ പറഞ്ഞു മടുത്തതായി പ്രദേശവാസികൾ പറയുന്നു.
ഒറ്റപ്പെട്ട ഈ പ്രദേശത്ത് നിവൃത്തികേടുകൊണ്ട് മാത്രം അന്തി ഉറങ്ങുന്ന ഈ കുടുംബങ്ങളിൽ ഉള്ളവരോട് മൃഗങ്ങളോട് കാണിക്കുന്ന പരിഗണനയെങ്കിലും അധികൃതർ കാണിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത് .