മംഗലംഡാം: കോളനിക്കു ചുറ്റും തന്പടിച്ചിട്ടുള്ള കാട്ടാനകൂട്ടങ്ങളെ ഭയന്ന് പുറത്തിറങ്ങാൻ ഭയപ്പെടുകയാണ് വനത്തിനകത്തെ തളികകല്ലിലെ ആദിവാസികൾ. ഉൾക്കാടുകളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ ആഴ്ചകളും മാസങ്ങളും കാട്ടിനുള്ളിൽ തങ്ങുന്പോഴൊന്നും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ഇവർ പറയുന്നത്.
എന്നാൽ ഇപ്പോൾ കോളനിയിൽ അന്തിയുറങ്ങാൻ കഴിയാത്ത സ്ഥിതിയായി. ആനകളെ പേടിച്ച് താമസസ്ഥലങ്ങൾക്കു ചുറ്റും തീയിട്ടും പാട്ടകൊട്ടിയും കാവലിരുന്നുമാണ് രാത്രി കാലങ്ങൾ കഴിക്കുന്നത്.
കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഇത്തരത്തിലുള്ള ആനശല്യം ഉണ്ടായിട്ടില്ലെന്നാണ് പൂർവ്വീകരായി വന്യമൃഗങ്ങൾക്കൊപ്പം കഴിയുന്ന ഇവർ പറയുന്നത്. എന്തുകൊണ്ടാണ് ആനകൾ ഇത്രയും അക്രമാസക്തരാകുന്നതെന്ന് ഇവർക്കും പിടികിട്ടുന്നില്ല.
കുട്ടികളും പിടിയാനകളും കൊന്പൻമാരുമുള്ള കൂട്ടങ്ങളാണ് കോളനി വഴിയിലും വീടുകൾക്കു സമീപവുമെല്ലാം കറങ്ങുന്നത്. മനുഷ്യരെ കണ്ടാൽ പാഞ്ഞെത്തുകയാണ്. കോളനിക്കു ചുറ്റുമുണ്ടായിരുന്ന സോളാർ ഫെൻസിംഗ് തകർത്താണ് ആനകളെത്തുന്നത്.
മുൻ കാലങ്ങളിലെല്ലാം വല്ലപ്പോഴും മാത്രമാണ് കോളനി പരിസരത്ത് ആനകൾ എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ രാത്രിയെന്നോ പകലെന്നോ മഴയോ വേനലോ വ്യത്യാസമില്ലാതെ പ്രദ്ദേശമാകെ ആനകൾ കയടക്കിയിരിക്കുകയാണ്.
കോളനിയിലെ വീടുകളുടെ നിർമ്മാണ പ്രവൃത്തികളും ആനശല്യത്തെ തുടർന്ന് മുടങ്ങുന്ന സ്ഥിതിയായി. വഴിയിൽ ആനയിറങ്ങുന്നതിനാൽ വീട് നിർമ്മാണത്തിനുള്ള സാധന സാമഗ്രികൾ കൊണ്ട് വരാൻ പോലും കഴിയുന്നില്ല.
കുത്തനെ കയറ്റങ്ങളുള്ള വഴിയിൽ ആന നിലയുറപ്പിക്കുന്പോൾ ലോഡുമായി കയറി വരുന്ന വാഹനങ്ങളുടെ നിയന്ത്രണം തെറ്റുന്ന സ്ഥിതിയുമുണ്ട്. കൃഷികളെല്ലാം നശിപ്പിച്ച് അങ്ങനെയും വലിയ നഷ്ടം വരുത്തി വെക്കുന്നു.
ആന ഭീതിയിൽ കാട്ടിൽ കഴിയുന്ന ആദിവാസികൾ പോലും പേടിച്ചിരിക്കുന്പോൾ വനം വകുപ്പ് പരിഹാരമാർഗ്ഗങ്ങളൊന്നും കണ്ടെത്തുന്നില്ലെന്നാണ് പരാതി.
ആനയെ പേടിച്ച് ഇവിടുത്തെ വാച്ചർ ഷെഡിലും വനപാലകർ തങ്ങുന്നില്ല. വന നിരീക്ഷണത്തിനായാണ് ലക്ഷങ്ങൾ ചെലവഴിച്ച് തളികകല്ലിൽ കോളനി വഴിക്കടുത്ത് കെട്ടിടം നിർമ്മിച്ചത്.
കോളനി വഴിയിൽ വനാതിർത്തികളിൽ ഫെൻസിംഗ് സ്ഥാപിച്ച് വഴിയിൽ ആനയിറങ്ങുന്നത് തടയണമെന്നാണ് ആവശ്യം. പല തവണ ഇക്കാര്യം വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടും നടപടി ഇല്ലാത്തതിനാൽ ഇനി കളക്ടർ, വകുപ്പ് മന്ത്രി, മുഖ്യമന്ത്രി എന്നിവക്ക് പരാതി നൽകാനുള്ള തീരുമാനത്തിലാണ് കോളനിക്കാർ.