പാലപ്പിള്ളി: കുണ്ടായി എലിക്കോട് ഭാഗത്ത് കാട്ടാനക്കൂട്ടം വ്യാപകമായി സൗരോർജ വേലി തകർത്തു. കഴിഞ്ഞ ദിവസ വും ഇന്നലെ പകൽ സമയത്തും കാടിറങ്ങിയ ആനകളാണ് വേലി തകർത്തത്.
ഹാരിസണ് കന്പനി തോട്ടങ്ങളുടെ അതിർത്തിയിൽ സ്ഥാപിച്ച വേലിയുടെ 200 മീറ്ററോളം ഭാഗമാണ് ആനകൾ ചവിട്ടി നശിപ്പിച്ചത്.
വനാതിർത്തിയിൽ ഫോറസ്റ്റ് നിർമിച്ച സൗരോർജ വേലി തകർത്താണ് ആനകൾ റബർ തോട്ടത്തിൽ എത്തിയത്. 20 ഓളം ആനകളാണ് റബർ തോട്ടങ്ങളിൽ തന്പടിച്ചിരിക്കുന്നത്. ആനക്കൂട്ടത്തെ കണ്ട് ടാപ്പിംഗ് തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു.
ടാപ്പിംഗ് നടത്തുന്ന തോട്ടങ്ങളിൽ ആനകൾ പതിവായതോടെ തൊഴിലാളികൾക്ക് പണിക്കിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
കൂട്ടത്തിൽ നിന്ന് ഒറ്റതിരിഞ്ഞ് നടക്കുന്ന ആനകൾ ആക്രമിക്കുമോയെന്ന ഭീതിയിലാണ് തൊഴിലാളികൾ. ജനവാസ മേഖലയോട് ചേർന്നുകിടക്കുന്ന തോട്ടങ്ങളിൽ നിന്ന് ആനകളെ തുരത്താൻ വനംവകുപ്പ് കാര്യക്ഷമമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.