മുത്തങ്ങ: വയനാട്ടിൽ ചരക്കു ലോറി ഇടിച്ചു ഗുരുതരമായി പരിക്കേറ്റ കാട്ടാന ചരിഞ്ഞു. മുത്തങ്ങയിലെ ഉൾവനത്തിൽ വ്യാഴാഴ്ച വൈകിട്ടോടെയാണ് ആന ചരിഞ്ഞത്.
ദേശീയപാത 766ലെ പൊൻകുഴിക്കു സമീപം ചൊവ്വാഴ്ച രാത്രി എട്ടോടെ ചരക്കു ലോറിയിടിച്ചാണു കാട്ടാനയ്ക്കു പരിക്കേത്. 25 വയസ് തോന്നിക്കുന്ന പിടിയാനയുടെ വലതുമുൻകാലിനാണു പരിക്കേറ്റത്. ആനയുടെ വലതു തോളെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായിരുന്നു.
ഇതേതുടർന്ന് ബുധനാഴ്ച രാവിലെ ആനയെ ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിൽ മയക്കുവെടിവച്ച ശേഷം വനം-വന്യജീവി വകുപ്പ് ചികിത്സ നൽകിയിരുന്നു. ഉച്ചയോടെ മയക്കംവിട്ട ആന വനത്തിലേക്കു നീങ്ങി തീറ്റയെടുത്തെങ്കിലും വ്യാഴാഴ്ച വൈകിട്ടോടെ ചരിയുകയായിരുന്നു. കാട്ടാനക്കൂട്ടം ചുറ്റുമുള്ളതിനാൽ ആനയുടെ ജഡത്തിനടുത്തേക്കു പോകാൻ വനപാലകർക്ക് കഴിഞ്ഞിട്ടില്ല.
മൈസൂരു ഭാഗത്തുനിന്നു വരികയായിരുന്ന ലോറിയാണ് ആനയെ ഇടിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസിൽ ഡ്രൈവർ ബാലുശേരി ഏകരൂർ ഷമീജിനെ ചൊവ്വാഴ്ച രാത്രി തന്നെ അറസ്റ്റു ചെയ്തിരുന്നു.