അഗളി: അട്ടപ്പാടിയെ വിറപ്പിച്ച ശല്യക്കാരനായ കാട്ടാനയെ മയക്കുവെടിവച്ച് നീക്കുന്നതിനു നടപടികൾ പൂർത്തിയായി. മാർച്ച് 20ന് തോട്ടാപ്പുരയിൽ ആദിവാസി വൃദ്ധനെ കൊലപ്പെടുത്തി ആഴ്ചകളോളം നാട്ടുകാരുടെയും വനപാലകരുടെയും ഉറക്കംകെടുത്തിയ കൊന്പനാനയെ തളയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്. വേണ്ടിവന്നാൽ മയക്കുവെടി വച്ച് ആനയെ പ്രദേശത്തുനിന്നു നീക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നു വനം മന്ത്രിയും സബ്കളക്ടറും നാട്ടുകാർക്ക് ഉറപ്പു നല്‍കിയിരുന്നു.
അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിൽ നാശം വിതച്ചുവിലസുന്ന കാട്ടാനയെ സ്ക്വാഡ് നിരീക്ഷിച്ചുവരികയായിരുന്നു. ഷോളയൂർ പഞ്ചായത്തിലെ തെക്കേ കടന്പാറയിലാണ് കഴിഞ്ഞ രാത്രി ആന തങ്ങിയത്. യാതൊരു ശബ്ദകോലാഹലങ്ങളുമുണ്ടാക്കാതെ ആനയെ പ്രകോപിപ്പിക്കാതെ നിർത്തിയിരിക്കുകയാണ് സ്ക്വാഡും നാട്ടുകാരും.
തമിഴ്നാട്, നിലന്പൂർ, വയനാട് എന്നിവിടങ്ങളിൽനിന്നായി നാലു കുങ്കിയാനകളെയാണ് ഇന്നലെ അട്ടപ്പാടിയിലെത്തിച്ചത്. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിൽ മയക്കുവെടി വിദഗ്ധരും ഗണ്മാൻമാരും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തു ക്യാന്പു ചെയ്യുന്നുണ്ട്. കാട്ടാനയെ സൗകര്യപ്രദമായ സ്ഥലത്തെത്തിച്ചു മയക്കുവെടി വയ്ക്കുക ശ്രമകരമാണെന്നും ശ്രദ്ധാപൂർവം നടത്തേണ്ട പ്രക്രിയയാണെന്നും വനപാലകർ പറഞ്ഞു.
ഡോക്ടറുടെ നിർദേശമനുസരിച്ചായിരിക്കും നടപടി ക്രമങ്ങൾ. മണ്ണാർക്കാട് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനപാലകർ സ്ഥലത്തുണ്ട്. പിടികൂടുന്ന ആനയെ എങ്ങോട്ടു കൊണ്ടുപോകുമെന്നു വെളിപ്പെടുത്തിയിട്ടില്ല. പത്തുലക്ഷത്തിലധികം ചെലവു പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു.