അഗളി: ശല്യക്കാരനായ കാട്ടാനയെ പത്തുദിവസത്തിനകം മയക്കുവെടിവച്ച് പിടികൂടി പ്രദേശത്തുനിന്നും നീക്കുമെന്ന് മണ്ണാർക്കാട് ഡിഎഫ്ഒ വി.പി. ജയപ്രകാശ് നാട്ടുകാർക്ക് ഉറപ്പ് നൽകി. ഇതിനിടെ പ്രശ്നക്കാരൻ ആനയെ മാത്രം നിരീക്ഷിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകാൻ പ്രത്യേക പത്തംഗ സംഘത്തെ നിയോഗിക്കുമെന്നും ഈ അംഗങ്ങളുടെ പേരുവിവരങ്ങളും ബന്ധപ്പെടാനുള്ള നമ്പറുകളും ഫോറസ്റ്റ് സ്റ്റേഷനിൽ പ്രസിദ്ധീകരിക്കുമെന്നും ഉറപ്പുനൽകി.
കാട്ടാനശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച ജനകീയ സമിതി നെല്ലിപ്പതി ഫോറസ്റ്റ് ക്യാമ്പ് ഷെഡിൽ നടത്തിയ ഉപരോധ സമരത്തിലാണ് ഈ തീരുമാനം. വ്യവസ്ഥകൾ പാലിക്കാത്തപക്ഷം റേഞ്ച് ഓഫീസിനു മുമ്പിൽസമരം നടത്തുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി.ജോബി കുരിക്കാട്ടിൽ, കെ.ജെ. മാത്യു, ഷിബു ചങ്ങരംപിള്ളിൽ, ഗോപാലകൃഷ്ണൻ,രാജൻ,മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.