അഗളി: അട്ടപ്പാടിയിൽ കാട്ടാനയുടെ അക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. അഗളി വണ്ണാംതറ ഉൗരിലെ സെൽവരാജ് (34) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെ ശിരുവാണി പുഴയോരത്തായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ശിരുവാണി പുഴയിലേക്ക് കുളിക്കാനിറങ്ങിയ യുവാവ് കാട്ടാനയുടെ മുൻപിൽ അകപ്പെടുകയായിരുന്നു.
ആക്രമണശേഷം ഒറ്റയാൻ നടത്തിയ ചിന്നംവിളി കേട്ട് ഓടിയെത്തിയ ഉൗരുനിവാസികളും നാട്ടുകാരും ചേർന്നു പടക്കം പൊട്ടിച്ചും കൂവി വിളിച്ചുമാണ് ആനയെ അകറ്റിയത്. സംഭവം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ദ്രുതകർമ്മ സേന യുവാവിനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചു.
ആനയുടെ ചവിട്ടേറ്റ് വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്കയച്ചു. തൃശ്ശൂരിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ മരണപ്പെടുകയായിരുന്നു. ഭാര്യ: ശെൽവി. മകൻ: ശരത് ചന്ദ്രൻ.
കഴിഞ്ഞ ഫെബ്രുവരി 15ന് ഷോളയൂർ കുരുക്കൂർ ഉൗരിലെ 70 കാരനായ കുഞ്ഞുണ്ണി കൊടുങ്ങരപള്ളത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.