മലന്പുഴ: അകത്തേത്തറ മേൽ ചെറാട് ഭാഗത്ത് ഇന്നലെ പുലർച്ചെ കാട്ടാനഭീതിവിതച്ചു. സ്ഥിരമായി ഈ പ്രദേശങ്ങളിൽ ഒറ്റയാന്റെ ശല്യം രൂക്ഷമാണ്. കാട്ടാനകൾ സ്ഥിരമായി എത്താറുള്ള ഇല്ലം പൈത്രുക ഗ്രാമത്തിനു സമീപത്തുകൂടി കടന്നു വന്ന കാട്ടാന പതിമൂന്ന് ഏക്കർ തെങ്ങും തോട്ടത്തിൽ കയറി ആറടിയോളം പൊക്കമുള്ള മതിലുകൾ തകർത്തു.
സമീപത്തുള്ള പറന്പുകളിലും കയറിയിറങ്ങിയ ആന കായ്ച്ചു നില്ക്കുന്ന പ്ലാവിലെ ചക്കകളെല്ലാം തിന്നു നശിപ്പിച്ചു.മറ്റു പറന്പുകളിലൂടെ കയറിയ ആന വലിയപറന്പിൽ കെ.ജി പൗലോസിന്റെ അതിർത്തി മതിലും തകർത്താണ് റോഡിലേക്ക് പ്രവേശിച്ചത്.
റോഡിലേക്ക് പ്രവേശിച്ച ആനയെ കണ്ട് പരിസരവാസികൾ പരിഭ്രാന്തരായി നിലവിളിച്ചു. നേരം വെളുക്കാറായപ്പോഴേക്കും ആന എലിച്ചിരം കാട്ടിലേക്ക് കടന്നു. ആനകൾ സ്ഥിരമായി കടന്നു വരുന്ന ഭാഗങ്ങളിൽ സൗരോർജ വേലി വേണമെന്നുള്ള നാട്ടുകാരുടെ ആവശ്യം ഇതുവരെയും വനം വകുപ്പ് ചെവികൊണ്ടിട്ടില്ലെന്ന് പരിസരവാസികൾക്ക് പരാതിയുണ്ട്.