അഗളി: അട്ടപ്പാടിയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം മൂന്നിന് ഷോളയൂർ ഫോറസ്റ്റ് സ്റ്റേഷനിൽ ചർച്ച നടത്തും. ഷോളയൂരിൽ വയോധികൻ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രദേശവാസികൾ നടത്തിയ റോഡ് ഉപരോധ സമരത്തിൽ നടന്ന ചർച്ചയിലാണ് ഈ തീരുമാനമുണ്ടായത്. മരണവാർത്തയറിഞ്ഞ ഉടൻതന്നെ പ്രദേശവാസികൾ റോഡിൽ തടിച്ചുകൂടി.
വനംവകുപ്പിന്റെ വാഹനമാണ് ആദ്യം തടഞ്ഞത്. പിന്നീട് കെ എസ് ആർ ടിസി ബസ് അടക്കമുള്ള വാഹനങ്ങളുടെ ഗതാഗതം സ്തംഭിപ്പിച്ചു. മൂന്നു മണിക്കൂർ നീണ്ട സമരം ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പിൻവലിച്ചത്.
മരിച്ച രങ്കസ്വാമിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപയുടെ നഷ്ടപരിഹാരം നൽകുവാനും ശല്യക്കാരനായ ആനയെ തുരത്താൻ കുങ്കിയാനയെ എത്തിക്കുന്നതിനുള്ള നടപടി തുടങ്ങുവാനും ചർച്ചയിൽ തീരുമാനിച്ചു. മണ്ണാർക്കാട് ഡിഎഫ്ഒ സുനിൽകുമാർ, അഗളി സിഐ സുനിൽ പുളിക്കൽ, അഗളി റേഞ്ച് ഓഫീസർ കെ.ടി. ഉദയൻ തുടങ്ങിയവർ ജനപ്രതിനിധികളും നാട്ടുകാരുമായി ചർച്ച നടത്തി.