തിരുവനന്തപുരം: പാലക്കാട്ട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുതുപ്പരിയാരം വാളേക്കാട് വീട്ടിൽ വി.സി. പ്രഭാകരന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം നൽകും. ഇതിൽ അഞ്ചുലക്ഷം രൂപ ഉടൻ തന്നെ കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
ലോഡിംഗ് തൊഴിലാളിയായ പ്രഭാകരനെ ബുധനാഴ്ച വൈകുന്നേരം അഞ്ചോടെ വാളേക്കാടുവച്ച് കാട്ടാന തുമ്പിക്കെകൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു.സംഭവത്തെ തുടർന്ന് രോഷാകുലരായ ജനം പാലക്കാട്- കോഴിക്കോട് ദേശീയപാത ഉപരോധിച്ചിരുന്നു.
സ്ഥലത്ത് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടിരുന്നു. തുടർന്ന് പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയശേഷമാണ് ഉപരോധം പിൻവലിച്ചത്. ഇന്നു കളക്ടറേറ്റിൽ തുടർചർച്ച നടത്തും