കോയന്പത്തൂർ: കോയന്പത്തൂരിലെ പോത്തന്നൂർ വെള്ളന്നൂരിൽ കാട്ടാനയാക്രമണത്തിൽ നാലുപേർ മരിച്ചു. അഞ്ചുപേർക്ക് ഗുരുതര പരിക്ക്. ഇന്നു പുലർച്ചെ വെള്ളന്നൂരിലെ ഗണേശപുരത്താണ് നാടിനെ നടുക്കിയ സംഭവം. കാട്ടാനയാക്രമണത്തിൽ ഗായത്രി, ജ്യോതിമണി, നാഗമ്മാൾ,പളനിസാമി എന്നിവരാണ് മരിച്ചത്. ഇടയ്ക്ക് ആനയുടെ ശല്യമുണ്ടാകാറുള്ള ഇവിടെ വീടിനു പുറത്ത് ഉറങ്ങിക്കിടന്ന പന്ത്രണ്ടു വയസുകാരി ഗായത്രി ആണ് ആദ്യം കൊല്ലപ്പെട്ടത്. ഗായത്രിയുടെ അച്ഛനു ഗുരുതരമായ പരിക്കേറ്റു.
വനാതിർത്തിയോടു ചേർന്നുള്ള വീടുകളാണ് ഇവരുടേത്. ഇന്നു പുലർച്ചെയാണ് വീടിനു പുറത്തു ഉറങ്ങുകയായിരുന്ന ഇവരെ ഒറ്റയാൻ ആക്രമിച്ചത്. നാലുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കാട്ടാനയാക്രമണത്തെ തുടർന്ന് വീടുകളിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പലർക്കും വീണും കാട്ടാനയുടെ ചവിട്ടേറ്റും ഗുരുതരമായി പരിക്കുള്ളത്. ഇവരെ പോത്തന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നഗരാതിർത്തിയിൽ നിന്നും ഏറെ വിട്ടുള്ള മധുരക്കര റേഞ്ചിലെ ഗ്രാമീണമേഖലയാണിത്. സംഭവമറിഞ്ഞ് വൻ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ കാട്ടിലേക്കു തുരത്താൻ വൻ ജനാവലിയും സ്ഥലത്തുണ്ട്. പടക്കംപൊട്ടിച്ചും മറ്റും ആനയെ കാട്ടിലേക്ക് കയറ്റിവിടാൻ ശ്രമം നടക്കുന്നുണ്ട്. ഇതിനിടെ വനംവകുപ്പ് നാലു കുങ്കി ആനകളെ എത്തിച്ച് ആനയെ വിരട്ടി ഒടിക്കാൻ ശ്രമം നടത്തുകയാണ്.
സംഭവത്തെ തുടർന്ന് പോത്തുള്ളൂർ മധുക്കരൈ , സുന്ദരാപുരം തുടങ്ങിയ ഇടങ്ങളിൽ ജനങ്ങൾ വീടിനു പുറത്തിറങ്ങരുത് എന്ന് വനംവകുപ്പ് മുന്നറിപ്പ് നൽകി. ആന കൃഷിയിടങ്ങൾ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കുങ്കിയാനകളെകൊണ്ട് ആനയെ പിടിക്കാനോ വനത്തിലേക്കു കയറ്റിവിടാനോ സാധിക്കാത്ത പക്ഷം വെടിവച്ചു പിടിക്കാൻ വിദഗ്ധരും സംഭവ സ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്.