തളിപ്പറമ്പ്: വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരത്തുക 10 ലക്ഷം രൂപയായി ഉയര്‍ത്തി. നേരത്തെ ഇത് അഞ്ചുലക്ഷം രൂപയായിരുന്നു. വനത്തിനുപുറത്തു പാമ്പുകടിയേറ്റു മരിക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം ഒരു ലക്ഷം രൂപയില്‍നിന്ന് രണ്ടു ലക്ഷം രൂപയായി ഉയര്‍ത്തി.
വന്യമൃഗങ്ങളുടെ ആക്രമണംമൂലം സ്ഥായിയായ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്കു നല്കുന്ന നഷ്ടപരിഹാരം 75,000 രൂപയില്‍നിന്ന് രണ്ടു ലക്ഷമായി ഉയര്‍ത്തി. കന്നുകാലികള്‍, കുടിലുകള്‍, കൃഷി എന്നിവ വന്യജീവി ആക്രമണം മൂലം നശിച്ചാല്‍ ഓരോന്നിന്റെ നഷ്ടത്തിനും കണക്കാക്കപ്പെടുന്ന തുകയുടെ 100 ശതമാനം എന്ന കണക്കില്‍ പരമാവധി ഒരു ലക്ഷം രൂപ നല്‍കും.
വന്യജീവി ആക്രമണത്തില്‍ പരിക്കേൽക്കുന്നവര്‍ക്കു ചികിത്സയ്ക്ക് ഒരു ലക്ഷം രൂപ അനുവദിക്കും. നേരത്തെ ഇത് 75,000 രൂപയായിരുന്നു. പട്ടികവര്‍ഗക്കാര്‍ക്കു ചികിത്സയ്ക്കു ചെലവാകുന്ന മുഴുവന്‍ തുകയും നല്‍കും. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യര്‍ക്കു ജീവഹാനി സംഭവിച്ചാല്‍, അതത് റേഞ്ച് ഓഫീസറുടെ ശിപാര്‍ശ പ്രകാരം 15 ദിവസത്തിനകം ഡിഎഫ്ഒ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് തുടരന്വേഷണം നടത്തണം.
15 ദിവസത്തിനകം ബന്ധപ്പെട്ട വില്ലേജ് ഓഫീസറില്‍നിന്നു ബന്ധുത്വം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്കു നഷ്ടപരിഹാരത്തുകയുടെ 50 ശതമാനം മരിച്ചയാളുടെ ആശ്രിതര്‍ക്കു നല്‍കണം. ബാക്കി തുക അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന തീയതി മുതല്‍ ഏഴു ദിവസത്തിനകം നല്‍കണം.
ജീവഹാനി സംഭവിക്കുന്ന വ്യക്തി വനം-വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരാകരുത്. എന്നാല്‍, സ്ഥിരം കുറ്റവാളികള്‍ അല്ലാത്ത വനം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ വനം കുറ്റകൃത്യത്തിനിടയിലല്ലാതെ മരിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പരിശോധിച്ച് അര്ഹതയുള്ളതാണെങ്കില് നഷ്ടപരിഹാരം നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.