പുതുക്കാട്: പാലപ്പിള്ളിയിൽ പിള്ളത്തോടിനു സമീപം ജുംഗ്ടോളി റബർ തോട്ടത്തിൽ കാട്ടാനാ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. രണ്ട് ടാപ്പിംഗ് തൊഴിലാളികൾക്കും ഒരു സൂപ്പർവൈസർക്കുമാണ് പരിക്കേറ്റത്.
ടാപ്പിംഗ് തൊഴിലാളികളായ വേലൂപ്പാടം പുലിക്കണ്ണി തറയിൽ നൗഷാദ് (47), വരന്തരപ്പിള്ളി അട്ടേപ്പാടൻ ജയകുമാർ(47), സൂപ്പർവൈസർ വേലൂപ്പാടം പുലിക്കണ്ണി മൂച്ചിക്കൽ ലത്തീഫ് (49) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. എസ്റ്റേറ്റിലെ 90 -ാം പ്ലാന്റിലാണ് ആനക്കൂട്ടം ഇറങ്ങിയത്. സൂപ്പർവൈസർ ഉൾപ്പെടെ എട്ടുതൊഴിലാളികളാണ് തോട്ടത്തിൽ ഉണ്ടായിരുന്നത്.
ആനക്കൂട്ടം തൊഴിലാളികൾക്കുനേരെ ഓടിയെത്തിയപ്പോൾ ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ താഴെ വീണാണ് ഇവർക്കു പരിക്കേറ്റത്. പരിക്കേറ്റ മൂന്ന് പേരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫാക്ടറിക്ക് സമീപത്തുള്ള സ്റ്റാഫ് ക്വോർട്ടേഴ്സിലും കാട്ടാനകൾ ഇറങ്ങി വ്യാപകമായി വാഴകൾ നശിപ്പിച്ചു. ക്വോർട്ടേഴ്സിനോട് ചേർന്ന് നിന്നിരുന്ന വാഴകളാണ് നശിച്ചത്. കാലപ്പഴക്കം ചെന്ന ക്വാർട്ടേഴ്സ് കെട്ടിടത്തിനു നേരെ ആനകളുടെ ആക്രമണം ഉണ്ടാവാതിരുന്നത് വലിയ അപകടം ഒഴിവായി.
കുട്ടികൾ ഉൾപ്പെടെ നാലുപേർ ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നു. ആനകളുടെ ശബ്ദം കേട്ട ജീവനക്കാർ പടക്കം പൊട്ടിച്ചാണ് ഇവയെ ഓടിപ്പിച്ചത്. ക്വാർട്ടേഴ്സിനു ചുറ്റുമുള്ള കരിങ്കൽ മാട്ടവും തകർത്ത നിലയിലാണ്.
പകൽ സമയത്തു തോട്ടങ്ങളിൽ കാട്ടാന ഇറങ്ങി ആക്രമണം തുടങ്ങിയതോടെ തൊഴിലാളികൾ ഭീതിയിലാണ്. പുലർച്ചെയാണ് തൊഴിലാളികൾ ടാപ്പിംഗിന് എത്തുന്നത്.
ഈ സമയങ്ങളിലെല്ലാം ആനകൾ കൂട്ടമായി സമീപത്തുള്ള വനാതിർത്തികളിൽ തന്പടിക്കാറുണ്ടെങ്കിലും ആദ്യമായാണു തൊഴിലാളികൾക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ആനകളുടെ ആക്രമണം ഒഴിവാക്കാൻവേണ്ടി വനപാലകർ നടപടിയെടുക്കണമെന്നു തൊഴിലാളികൾ ആവശ്യപ്പെട്ടു.
പാലപ്പിള്ളി റേഞ്ച് ഓഫീസർ പ്രേംഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയിരുന്നു.