പാലക്കാട് : പയറ്റാംകുന്നത്ത് പ്രധാന റോഡിൽ നടക്കാനിറങ്ങിയ ഗൃഹനാഥനെ ആന ചവിട്ടി കൊന്നു. ധോണി സ്വദേശി സ്വദേശി ശിവരാമനാണ് (60) മരിച്ചത്.
പുലർച്ചെ 5.20നാണ് സംഭവം. ശിവരാമനടക്കം ഒന്‍പതോളം പേർ രാവിലെ നടക്കാനിറങ്ങിയതായിരുന്നു.പയറ്റാം കുന്നത്ത് പ്രധാന റോഡിനു സമീപം കാട്ടാനയെ കണ്ട എല്ലാവരും മുന്നോട്ടോടിയപ്പോൾ ശിവരമാൻ പാടത്തേക്ക് ഓടുകയായിരുന്നു. പാടത്ത് ചെളിയിൽ കാലുപുതഞ്ഞ ശിവരാമന് ഓടാൻ സാധിച്ചില്ല.
പിന്നാലെയെത്തിയ ആന ശിവരാമനെ ആക്രമിക്കുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. ആനയെ വിരട്ടി ഓടിച്ചശേഷം ശിവരാമനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
പ്രതിഷേധം
സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പാലക്കാട് ഡിഎഫ്ഒ ഓഫീസ് നാട്ടുകാർ ഉപരോധിക്കുകയാണ്. അപകട വിവരം ഡിഎഫ്ഒയെ നാട്ടുകാർ അറിയിച്ചപ്പോൾ എന്തിനാണ് ഈ സമയത്ത് നടക്കാൻ പോയതെന്ന മറുപടിയിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ ഓഫീസ് ഉപരോധിക്കുന്നത്.
ഇവിടെ പതിവായി ഇറങ്ങാറുള്ള പിടി സെവൻ എന്നു നാട്ടുകാർ വിളിക്കുന്ന ഒറ്റയാനാണ് ശിവരാമനെ ആക്രമിച്ചതെന്ന് ഇവർ പറഞ്ഞു.
അവഗണന
വന്യജീവികളുടെ ആക്രമണം പതിവായ ഇവിടെ പ്രതിരോധ സംവിധാനങ്ങൾ വേണമെന്ന നാട്ടുകാരുടെ നാളുകളായുള്ള ആവശ്യം അധികൃതർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഉപരോധം നടക്കുന്നത്.
മരിച്ച ശിവരാമന്റെ മൃതദേഹം ഇവിടെ കൊണ്ടുവന്ന് പ്രതിഷേധിക്കാനും ഇവർ ആലോചിക്കുന്നുണ്ട്.കളക്ടർ നേരിട്ടെത്തി വന്യജീവികളെ തടയാൻ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് നൽകിയാൽ മാത്രമേ മൃതദേഹം സംസ്കരിക്കുകയുള്ളുവെന്ന് ഇവർ പറഞ്ഞു.