മൂന്നാര്‍: കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. മൂന്നാര്‍ എംജി നഗര്‍ സ്വദേശി അഴകമ്മ, നെറ്റിക്കുടി സ്വദേശി ശേഖര്‍ എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. കുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ആനയുടെ കൊമ്പു കൊണ്ടാണ് ശേഖറിന് പരിക്കേറ്റത്. കാല് ഒടിയുകയും ചെയ്തു. ശേഖറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അഴകമ്മയ്ക്ക് വീണു പരിക്കേറ്റത്.
പഞ്ചായത്തിന്റെ കീഴില്‍ ദിവസവേതാനിസ്ഥാനത്തില് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന തൊഴിലാളികളാണ് ഇവർ. പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ സഹപ്രവര്‍ത്തകര്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ എട്ടോടെ മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ വച്ചായിരുന്നു സംഭവം.
രാവിലെ എത്തി ജോലി ആരംഭിച്ചപ്പോള്‍ തന്നെ കാട്ടാന തൊട്ടുമുന്നില്‍ എത്തുകയായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനവാസ മേഖലകളില്‍ തന്നെ തുടരുന്ന ഒറ്റക്കമ്പന്‍ എന്ന കാട്ടാനയായിരുന്നു സംസ്കരണ പ്ലാന്റില്‍ എത്തിയത്. മുമ്പും പലതവണ പ്ലാന്റില്‍ കാട്ടാനകള്‍ എത്തിയിരുന്നെങ്കിലും ഇത്തരത്തിലുള്ള ആക്രമണത്തിന് മുതിര്‍ന്നിരുന്നില്ല.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പടയപ്പ എന്ന കാട്ടുകൊമ്പനും മാലിന്യ സംസ്കരണ പ്ലാന്റില്‍ നിരന്തരമായി എത്തിയിരുന്നു. പടയപ്പയുടെ സാന്നിധ്യം നിരന്തരമായതോടെ വലിയ ഇരുമ്പ് ഗര്‍ഡറുകള്‍ ഉപയോഗിച്ച് പ്ലാന്റിനു മുന്നില്‍ ഗേറ്റും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഈ ഗേറ്റ് പൊളിച്ചു കടക്കാനും കാട്ടാന ശ്രമിച്ചിരുന്നു.
ദിവസങ്ങള്‍ക്കു മുമ്പ് നയമക്കാട് എസ്റ്റേറ്റില്‍ പടയപ്പയും ഒറ്റക്കൊമ്പനും തമ്മില്‍ കൊമ്പ് കോര്‍ത്തത് തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ജോലിയിടങ്ങളിലെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തതിനെതിരേ തൊഴിലാളികള്‍ ബഹളം വച്ചത് ആശുപത്രിയിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.
കാട്ടാന ആക്രമണത്തില്‍ കര്ഷകന് പരിക്കേറ്റതിനെത്തുടര്‍ന്ന് മറയൂരിലെ ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ ഇന്നലെ നാട്ടുകാര്‍ രാപ്പകല്‍ സമരം നടത്തിയിരുന്നു. കാട്ടാന ആക്രമണം രൂക്ഷമായ സാഹചര്യത്തിലും വനംവകുപ്പും സര്‍ക്കാരും മതിയായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.