തിരുവനന്തപുരം: ആദിവാസികൾ അല്ലാത്തവർ വനത്തിൽ എത്തുന്നത് എന്തിനെന്ന് പരിശോധിക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. അത് നിയമവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണം വനത്തിനുള്ളിലും പുറത്തും നടന്നതുണ്ട്. കഴിഞ്ഞദിവസം നടന്ന വന്യജീവി ആക്രമണങ്ങൾ എവിടെയാണെന്ന് പരിശോധിക്കണം.
എന്നാൽ മരണമുണ്ടായാൽ സാങ്കേതികത്വം നോക്കില്ലെന്നും സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്നും ഉച്ചയ്ക്ക് ചേരുന്ന ഉന്നതതലയോഗത്തിൽ അടിയന്തര നടപടികൾ ആലോചിക്കും മന്ത്രി എ.കെ.ശശീന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു.
സംസ്ഥാനത്തെ കാട്ടാന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വനം വകുപ്പിലെ എല്ലാ വിഭാഗം മേധാവികളെയും പങ്കെടുപ്പിച്ചു കൊണ്ട് ഉന്നതതലയോഗം വിളിക്കാൻ വനംമന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യവനം മേധാവിക്ക് നിർദേശം നൽകിയിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെ എല്ലാ വിഭാഗം വനം ഉദ്യോഗസ്ഥരും വനം വകുപ്പ് ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.
സാധാരണയായി വന്യജീവി വിഷയവുമായി ബന്ധപ്പെട്ട് ഫീൽഡ് ഡ്യൂട്ടിയിൽ പങ്കെടുക്കേണ്ടതില്ലാത്ത സോഷ്യൽ ഫോറസ്ട്രി, ഗവേഷണം തുടങ്ങിയ എല്ലാ വിഭാഗങ്ങളും യോഗത്തിനെത്തണം. പട്രോളിംഗ് ശക്തിപ്പെടുത്താൻ എല്ലാ വിഭാഗം ഉദ്യോഗസ്ഥരുടെയും സേവനം പ്രയോജനപ്പെടുത്തും.
വനം വകുപ്പിൽ നിലവിലുള്ള ആർആർടി വിഭാഗങ്ങളിലും മറ്റ് വിഭാഗങ്ങളിലും ആവശ്യമായ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകാത്ത സാഹചര്യത്തിലാണ് എല്ലാവിഭാഗങ്ങളെയും ഉൾപ്പെടുത്തുന്നത് വനംവകുപ്പ് ആലോചിക്കുന്നത്.തദ്ദേശീയരെയും യുവക്കാളെയും ഉൾപ്പെടുത്തി പ്രൈമറി റെസ്പോൺസ് ടീം ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളും യോഗം ചർച്ച ചെയ്യും.