അട്ടപ്പാടി: അട്ടപ്പാടിയില്‍ കാറിനുനേരേ ഒറ്റയാന്റെ ആക്രമണം. കാറിലുണ്ടായിരുന്ന അഞ്ചുപേരടങ്ങുന്ന കുടുംബം ജീവനുംകൊണ്ട് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
പരപ്പന്ത്തറയില്നിന്ന് ചീരക്കടവിലേക്ക് പോയ കുടുംബത്തിനുനേരേയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്.ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. 80 വയസുള്ള മയിലാത്തയും രണ്ടുപേരക്കുട്ടികളും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മൂന്നുതവണയാണ് കാട്ടാന കൊമ്പില്‍ കോര്‍ത്ത് ഉയര്‍ത്തിയത്.
ആനയുടെ ആക്രമണത്തില്‍ ഭയന്ന കുട്ടികളും മറ്റുള്ളവരും ഉറക്കെ അലറി വിളിച്ച് ബഹളംകൂട്ടിയതോടെ ആനകള്‍ പിന്‍വാങ്ങുകയായിരുന്നുവെന്ന് കാറിലുണ്ടായിരുന്നവര്‍ പറയുന്നു.
ആന റോഡിനു കുറുകെ കാറിനു മുന്നിലായി വന്നു നിന്നപ്പോള്‍ ആന ഉപദ്രവിക്കാതെ പോകുമെന്നായിരുന്നു യാത്രക്കാര്‍ കരുതിയത്. എന്നാല്‍ അപ്രതീക്ഷിതമായി ആന കാറിന്റെ ബോണറ്റില്‍ കൊമ്പുകോര്‍ത്ത് ഉയര്‍ത്തുകയായിരുന്നു.
കാര്‍ പൊക്കിയെടുത്ത് നിലത്തടിക്കാതിരുന്നതിനാല് വന്‍ ദുരന്തം ഒഴിവായി. കൊമ്പില്‍ പൊക്കിയെടുത്ത കാര്‍ താഴേക്കിട്ടിരുന്നെങ്കിലും അപകടം സംഭവിക്കുമായിരുന്നു.
കാറിലുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ കാര്‍ നിലത്ത് വച്ച ഒറ്റയാന് ഏറെനേരം കാറിന് ചുറ്റിത്തിരിഞ്ഞശേഷമാണ് റോഡിനു മറുവശത്തുള്ള പുഴയിലേക്ക് ഇറങ്ങിപ്പോയത്.
കാറിന്റെ പല ഭാഗങ്ങളിലും കൊന്പുകൊണ്ടു കുത്തേറ്റ പാടുകളുണ്ട്. ബന്ധുവീട്ടിലെ ചടങ്ങിന് പോയ കുടുംബമാണ് കാട്ടാനയുടെ ആക്രമണത്തിനിരയായത്.