അഗളി: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും മരണം. ഇന്നു പുലർച്ചെയുണ്ടായ സംഭവത്തിൽ കാട്ടാനയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. ഷോളയൂർ ചന്തക്കടയിൽ ചായക്കട നടത്തുന്ന രങ്കസ്വാമി കൗണ്ടർ (65) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇന്നുരാവിലെ 6.10നാണ് സംഭവം. ചായക്കടയിലെ ജോലി തുടങ്ങുന്നതിന്റെ ഭാഗമായി പുറത്തേക്കിറങ്ങിയ രങ്കസ്വാമി കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു.
ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നു പിടികൂടി കൊലപ്പെടുത്തുകയായിരുന്നു. വയറിനു കുത്തേറ്റും തലയ്ക്കു ക്ഷതമേറ്റും രക്തം വാർന്നൊലിച്ചു കിടന്ന രങ്കസ്വാമിയെ കോട്ടത്തറ ട്രൈബൽ സെപ്ഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാട്ടാന സമീപത്തെ വനത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
ചായക്കടയ്ക്കു സമീപത്തെ വീട്ടുകാരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി പരിസരത്തു പൊതുജനം തന്പടിച്ചിരിക്കുകയാണ്. പ്രദേശത്തെ കാട്ടാനശല്യം സംബന്ധിച്ച് നിരവധി പരാതികൾ വനംവകുപ്പിനു നല്കിയിട്ടും ഫലപ്രദമായ നടപടിയുണ്ടായില്ലെന്നു നാട്ടുകാർ പറയുന്നു. ഒരുവർഷത്തിനിടെ ആറോളം പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇരുപതിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.