കോഴിക്കോട്: കുറ്റ്യാടി പക്രംതളം ചുരം റോഡിൽ കാറിനുനേരേ പാഞ്ഞടുത്ത് കാട്ടാന. വയനാട് സ്വദേശികളായ കാർ യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വാളാട് പുത്തൂർ വള്ളിയിൽ റിയാസ് ആണ് കാറോടിച്ചിരുന്നത്.
കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ബന്ധുവിനെ കൂട്ടാനായി പോയതായിരുന്നു ഇവർ. വയനാട് ജില്ലയിൽ ചുരം തുടങ്ങുന്ന സ്ഥലത്ത് വച്ചാണ് കാട്ടാന കാറിനുനേരേ പാഞ്ഞടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ കാർ യാത്രികർ പകർത്തി. ആന ആക്രമിക്കാനെന്നോണം പാഞ്ഞടുക്കുന്നതും പിന്നീട് പെട്ടെന്നുതന്നെ തിരികെ പോകുന്നതും വീഡിയോയില്‍ കാണാം.
കാട്ടാനയെ കണ്ട് ഓടിയ വീട്ടമ്മയ്ക്ക് പരിക്ക്
തൃശൂർ: കാട്ടാനയെ കണ്ട് ഓടിയ വീട്ടമ്മ വീണ് പരിക്കേറ്റു. മുരിക്കങ്ങൽ സ്വദേശിനി റെജീനയ്ക്കാണ് പരിക്കേറ്റത്. പാലപ്പിള്ളി കുണ്ടായി എസ്റ്റേറ്റിൽ ഇന്നു രാവിലെയാണ് സംഭവം. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റ റെജീനയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.