മൂന്നാർ: വീട്ടിലേക്ക് മടങ്ങുന്ന വഴി റോഡിൽ നിലയുറപ്പിച്ചിരുന്ന കാട്ടാന ചുഴറ്റി യെറിഞ്ഞ യുവാവിനു പരിക്ക്. മൂന്നാർ നയമക്കാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷൻ സ്വദേശിയായ സുമിത്ത് കുമാറിനാണ് (18) പരിക്കേറ്റത്.
മുന്‍പിൽപ്പെട്ട യുവാവിനെ കാട്ടാന ചുഴറ്റിയെടുത്ത് തേയിലക്കാട്ടിലേക്ക് എറിയുകയായിരുന്നു.കാലിന് ഒടിവ് സംഭവിച്ച യുവാവിനെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകുന്നേരം മൂന്നാറിൽനിന്നു ജോലി കഴിഞ്ഞ് സുഹ്യത്തുക്കൾക്കൊപ്പം ഓട്ടോയിലാണ് സുമിത്ത് കുമാർ എസ്റ്റേറ്റിലെത്തിയത്. റോഡിൽ നിർത്തിയ വാഹനത്തിൽനിന്നു ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുന്പോൾ കാട്ടാനയുടെ മുന്പിൽ അകപ്പെടുകയായിരുന്നു.
കനത്ത മൂടൽ മഞ്ഞു കാരണം എതിരെ എത്തിയ ആനയെ കാണാൻ യുവാവിന് കഴിഞ്ഞില്ല. ആനയുമായി കൂട്ടിയിടിച്ചതോടെ യുവാവിനെ തുന്പികൈ ഉപയോഗിച്ച് തേയിലക്കാട്ടിലേക്ക് ആന എടുത്തെറിഞ്ഞു.
കലി പൂണ്ട ആന സമീപത്തെ കാടുകളിൽ തുന്പിക്കൈകൊണ്ട് പരതിയെങ്കിലും യുവാവിനെ ആനയ്ക്കു കിട്ടിയില്ല. നാട്ടുകാരെത്തി ബഹളം വച്ചതോടെയാണ് ആന കാടുകയറിയത്.