പത്തനംതിട്ട: തേക്കുതോട് മൂർത്തിമണ്ണിൽ കാടിറങ്ങിയ ആനക്കൂട്ടം വീട് തകർത്തു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബം ഉറക്കത്തിലായിരുന്ന സമയത്താണ് ആനയുടെ ആക്രമണം വീടിനു നേരേ ഉണ്ടായത്. ശബ്ദം കേട്ട് പിഞ്ചുകുഞ്ഞുങ്ങളുമായി കുടുംബം ഓടിരക്ഷപ്പെടുകയായിരുന്നു.
മൂർത്തിമൺ ചെറിയത്ത് അജിയുടെ വീടിനുനേരേയാണ് ഇന്നലെ പുലർച്ച് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. വീടിന്റെ അടുക്കളഭാഗവും ബാത്ത് റൂം അടക്കം തകർത്തു. സമീപത്തെ ആട്ടിൻകൂടും പട്ടിക്കൂടും തകർത്തു.
സംഭവസമയം അജി വീട്ടിലുണ്ടായിരുന്നില്ല. കൃഷിക്കാരനായ ഇദ്ദേഹം വള്ളിക്കോട് ഭാഗത്തെ കൃഷിയിടത്തിലെ ജോലികളുമായി ബന്ധപ്പെട്ട് പോയിരിക്കുകയായിരുന്നു. അജിയുടെ ഭാര്യ അനിത, ഇവരുടെ രണ്ട് കുഞ്ഞുങ്ങൾ, അജിയുടെ സഹോദരൻ, ഭാര്യ, അമ്മ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.
ആനയുടെ ആക്രമണത്തോടെ വീട് താമസയോഗ്യമല്ലാതായി. കുടുംബം ഇന്നലെ മറ്റൊരിടത്തേക്ക് താമസം മാറ്റി. സ്ഥലം വനപാലകസംഘം സന്ദർശിച്ചിരുന്നു. നഷ്ടപരിഹാരമോ മറ്റോ ലഭിക്കുക എളുപ്പമല്ലെന്ന നിലപാടിലാണ് വനപാലകർ.
നേരത്തേ അജിയുടെ പുരയിടത്തിൽ ആന എത്തി കൃഷി നശിപ്പിച്ചിട്ടുണ്ട്. എന്നാൽ വീടിനുനേരേയുള്ള ആക്രമണം ആദ്യമാണെന്ന് പറയുന്നു. പട്ടയഭൂമിയല്ലാത്തതാണ് കാരണമായി പറയുന്നത്. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് പ്രദേശമായ മൂർത്തിമൺ ഭാഗത്ത് കാട്ടാന ശല്യം കാരണം പലരും വീട് ഒഴിഞ്ഞു പോയിരിക്കുകയാണ്.
ഇത്തരത്തിൽ വീടും സ്ഥലവും ഒഴിയാൻ താത്പര്യമുള്ളവർക്ക് റീ ബിൽഡ് കേരള പദ്ധതിയിൽ വനംവകുപ്പ് പണം നൽകി ഒഴിപ്പിക്കുന്ന രീതിയുണ്ട്. എന്നാൽ ഈ പദ്ധതിയുടെ ആനുകൂല്യവും മൂർത്തിമണ്ണിലെ കർഷക കുടുംബങ്ങൾക്കു ലഭിക്കുന്നില്ല.