വയനാട്: മാനന്തവാടി നഗരത്തില്‍ ഒറ്റയാന്റെ വിളയാട്ടം. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മേഖലയിലെ സ്കൂളുകള്‍ക്ക് അടക്കം നേരത്തേ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
സ്കൂളിലേക്ക് പോകാന്‍ വീട്ടില്‍നിന്ന് ഇറങ്ങാത്തവര്‍ ഇനി പുറപ്പെടേണ്ടതില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്കൂളിലെത്തിയ കുട്ടികള്‍ സുരക്ഷിതമായി അവിടെതന്നെ തുടരാനും നിര്‍ദേശം നല്കി.
ഇന്ന് രാവിലെ നഗരത്തിലിറങ്ങിയ ആന കോടതി വളപ്പിന് സമീപം ഏറെ നേരം ഭീതി പരത്തി. നിലവിൽ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്തേക്ക് നീങ്ങുകയാണ്. റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുള്ള കാട്ടാന കര്‍ണാടക വനമേഖലയില്‍ നിന്ന് എത്തിയതാണെന്നാണ് നിഗമനം.
നഗരപ്രദേശമായതിനാൽ ആനയെ എങ്ങനെ തുരത്തുമെന്ന കാര്യത്തില്‍ അവ്യക്തത ഉണ്ട്. വനംവകുപ്പെത്തി താരതമ്യേന ജനവാസമേഖല കുറഞ്ഞ സ്ഥലത്തേയ്ക്ക് ആനയെ മാറ്റാനുള്ള ശ്രമം തുടരുകയാണ്.