അടിമാലി: കാട്ടാന ആക്രമണങ്ങളിൽ അപകടം സംഭവിച്ചതെല്ലാം രാവിലെ എട്ടുമണിക്കു മുന്‍പും വൈകിട്ട് ആറുമണിക്കും ശേഷം. അതുകൊണ്ടുതന്നെ കാട്ടാന ശല്യമുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ ഈ സമയത്ത് പുറത്തിറങ്ങരുതെന്ന് വനംവകുപ്പ് ജനജാഗ്രതാ സമിതികൾക്കു നിർദേശം നൽകിയിരുന്നു. ഈ നിർദേശങ്ങൾ അവഗണിക്കുന്നതും അശ്രദ്ധയുമാണു പല കാട്ടാന ആക്രമണങ്ങൾക്കും കാരണമായത്.
കാട്ടാനശല്യമുള്ള പ്രദേശങ്ങളിൽ വീടുകളുടെ പുറത്ത് ഉപ്പും അരിയും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചുവയ്ക്കരുതെന്നും വനംവകുപ്പിന്റെ നിർദേശമുണ്ട്.ജില്ലയിൽ കാട്ടാന ആക്രമണത്തിൽ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടതു മൂന്നുപേരാണ്. ജൂണ്‍ 16നു പൂപ്പാറ മൂലത്തുറയിൽ ഏലത്തോട്ടം കാവൽക്കാരനായ വേലു(52)വിനെ കാട്ടാന ചവിട്ടിക്കൊന്നു.
ഈ മാസം മൂന്നിനു കല്ലാർ പെട്ടമുടി സ്വദേശി തങ്കച്ചനെ (49) ചിന്നക്കനാൽ 301 കോളനിക്കു സമീപം കാട്ടാന കൊലപ്പെടുത്തിയിരുന്നു. ബന്ധുവിന്റെ വീട്ടിൽ ലോകകപ്പ് ഫുട്ബോൾ ടിവിയിൽ കണ്ടശേഷം 301 കോളനിയിലെ കുടിലിലേക്കു മടങ്ങുന്പോഴാണു തങ്കച്ചൻ കാട്ടാനയുടെ മുന്നിൽപ്പെട്ടത്.
ചിന്നക്കനാലിൽനിന്നും മൂലത്തുറയിൽനിന്നും 20 കിലോമീറ്ററോളം അകലെയാണ് ഇന്നലെ പുലർച്ചെ ഏലം എസ്റ്റേറ്റ് മാനേജർ കുമാർ (46) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജാപ്പാറ. രാജാപ്പാറയിൽ കാട്ടാനശല്യമുണ്ടെങ്കിലും ആദ്യമായാണ് ഒരാളെ കാട്ടാന കൊലപ്പെടുത്തുന്നത്.
ഇതോടെ ഒരു മാസത്തിനുള്ളിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. രാജാപ്പാറയിൽ എസ്റ്റേറ്റ് മാനേജരെ ആക്രമിച്ച കാട്ടാന മതികെട്ടാൻചോലയിൽ നിന്നോ തമിഴ്നാട്ടിലെ തേവാരം വനമേഖലയിൽ നിന്നോ എത്തിയതാവാനാണു സാധ്യതയെന്നു നാട്ടുകാർ പറയുന്നു.