പത്തനാപുരം: ചെമ്പനരുവി ചെരിപ്പിട്ടകാവ് വനദുർഗ്ഗാ ദേവീക്ഷേത്രത്തിന്റെ നടപ്പന്തലും തിടപ്പളളിയും കാട്ടാനയുടെ ആക്രമണത്തിൽ തകർന്നു. ശ്രീകോവിലിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് . കഴിഞ്ഞ മൂന്ന് ദിവസമായി ക്ഷേത്ര പരിസരം കേന്ദ്രീകരിച്ച് കാട്ടാന ശല്ല്യം രൂക്ഷമാണ്.
ഷീറ്റ് മേഞ്ഞ നടപ്പന്തലും തിടപ്പളളിയുമാണ് ആന നശിപ്പിച്ചത് .കൂടാതെ കമ്മറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്ന കസേരകൾ , പാത്രങ്ങൾ നിലവിളക്കുകൾ, മുത്തുക്കുടകൾ എന്നിവ പൂർണമായും തകർത്തു. ഏകദേശം ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ക്ഷേത്രം സെക്രട്ടറിയും ഊര് മൂപ്പനുമായ സജു പറഞ്ഞു.
സംഭവത്തിൽ മണ്ണാറാപ്പാറ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർക്ക് ക്ഷേത്രം ഭാരവാഹികൾ പരാതി നൽകി. നാട്ടിലിറങ്ങിയ ഒറ്റയാനാണ് അക്രമം നടത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. തുടർച്ചയായുളള കാട്ടാന ആക്രമത്തെ തുടർന്ന് ഭീതിയുടെ നിഴലിലാണ് ചെരിപ്പിട്ടകാവിലെയും, മുളളുമല ആദിവാസി കോളനിയിലെയും ആളുകൾ .