ഇരിട്ടി: വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ചറുടെ വാഹനത്തിനുനേരേ കാട്ടാനയുടെ ആക്രമണം. ആറളം ഫാം ആറാം ബ്ലോക്കിൽ വച്ചായിരുന്നു ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിലും സംഘവും സഞ്ചരിച്ചിരുന്ന ജീപ്പിനു നേരേ കാട്ടാനയും കുട്ടിയും പാഞ്ഞടുത്തത്. ഇന്നലെയായിരുന്നു സംഭവം.
ഫാമിൽനിന്ന് ആനകളെ തുരത്തുന്ന ജോലിക്കിടയിലായിരുന്നു ആനയുടെ ആക്രമണം. ആനയും കുട്ടിയും ജീപ്പിനുനേരേ പാഞ്ഞടുത്തെങ്കിലും ജീപ്പ് പുറകോട്ടെടുത്ത് ശബ്ദം ഉണ്ടാക്കി ആനയെ തുരത്തുകയായിരുന്നു. കുട്ടി കൂടെയുള്ളതുകൊണ്ടാണ് ആന കൂടുതൽ അക്രമാസക്തമാകുന്നത്.
പുനരധിവാസ മേഖലയിൽനിന്ന് ആനയെ തുരത്തുന്നത് ഇന്നും തുടരുകയാണ്. ബ്ലോക്ക് 13 ലെ ഓടക്കാട് മേഖലകളിലാണ് രാവിലെ തെരച്ചിൽ ആരംഭിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ബ്ലോക്ക് 10 ലും 13 ലും വിവിധ സ്ഥലങ്ങളിൽ ആന ഇറങ്ങിയിരുന്നു.
ആർആർടി സംഘം എത്തി ബ്ലോക്ക് 10 ലെ കേളപ്പന്റെ വീടിന് സമീപത്തുനിന്നും 13 ൽ മാധവിയുടെ വീടിന് സമീപത്തുനിന്നും കോട്ടപ്പാറ വാസുവിന്റെ വീടിന് സമീപത്തുനിന്നും രാത്രിയിൽ ആനയെ തുരത്തിയിരുന്നു.