അഗളി: ഷോളയൂരിൽ ഭീതിപരത്തി ഒറ്റയാന്റെ പരാക്രമം. നല്ലശിങ്കയിൽ ക്ഷീരസംഭരണകേന്ദ്രവും കടയും കാട്ടാന തകർത്തു. കീരിപ്പതിയിൽ രാമന്റെ കാലിത്തൊഴുത്ത് വലിച്ചെറിഞ്ഞു. നല്ലശിങ്കയിൽ വീടും തകർത്തെങ്കിലും എണ്പതുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെയായിരുന്നു കാട്ടാനയുടെ വിളയാട്ടം.
നല്ലശിങ്കയിൽ വഞ്ചി-പൊന്നൻ ദന്പതികളുടെ ഒറ്റമുറിയുള്ള ഓടുമേഞ്ഞ വീടാണ് ആന തള്ളിമറിച്ചിട്ടത്. വഞ്ചിയും ഭർത്താവ് പൊന്നനും എണ്പതു കഴിഞ്ഞ വൃദ്ധയും വീടിന്റെ മൂലയിൽ ശബ്ദമില്ലാതെയിരുന്നു. ചുടുകട്ടകളും പൊട്ടിയ ഓടുകളും വീടിനുള്ളിലേക്ക് തകർന്നുവീണു. എന്നാൽ ആന കൂടുതൽ ആക്രമണം നടത്താതിരുന്നതിനാൽ മൂന്നുജീവനുകൾ രക്ഷപ്പെട്ടു.
തുടർന്നു നല്ലശിങ്കയിൽ തന്നെയുള്ള പാൽ സംഭരണകേന്ദ്രവും തകർത്തു. കെട്ടിടത്തിന്റെ വാതിൽ ചവുട്ടിതുറന്നു. മേഞ്ഞിരുന്ന ഷീറ്റുകൾ വലിച്ചെടുത്തു തകർക്കുകയും കസേരകൾ ചവിട്ടിയൊടിച്ചു. തൊട്ടടുത്തുള്ള അയ്യാസ്വാമിയുടെ കടയുടെ ഷീറ്റുകൾ വലിച്ചുപൊളിക്കുകയും ഉപകരണങ്ങൾ തകർക്കുകയും ചെയ്തു.
കീരിപ്പതിയിലെ രാമന്റെ കാലിത്തൊഴിത്തും പാടേ നശിപ്പിച്ചു. തൊഴുത്തിലുണ്ടായിരുന്ന പശുക്കൾ കയർ പൊട്ടിച്ച് ഓടിരക്ഷപ്പെട്ടു. മാസങ്ങളായി പ്രദേശത്ത് കാട്ടാന ആക്രമണം രൂക്ഷമാണെന്ന് ആദിവാസികൾ പറഞ്ഞു. സന്ധ്യകഴിഞ്ഞാൽ ആനപേടിമൂലം പുറത്തിറങ്ങാൻ കഴിയുന്നില്ല.
ഷോളയൂരിൽ കറങ്ങിനടക്കുന്ന കൊന്പില്ലാത്ത ഒറ്റയാനാണ് ഏറെ ആക്രമണകാരി. വീടിനുള്ളിലേക്ക് തുന്പിക്കൈ ഇടുന്നത് ഈ ആനയുടെ ശീലമാണ്.ഇന്നലെ പരക്കെ ആക്രമണം നടത്തിയ കാട്ടാന ചെന്നിക്കര ബൊമ്മാംപൊട്ടി കാട്ടിലേക്ക് മറഞ്ഞിരിക്കുകയാണിപ്പോൾ.
ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ മനോജ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബിനു, ആർ.ആർ.ടി വിഭാഗം, പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ സ്ഥലത്തെത്തി. മണ്ണാർക്കാട്, അഗളി കാട്ടാന ദ്രുതകർമസേനകൾ ഇന്നലെ രാത്രി പ്രദേശത്ത് തന്പടിച്ചിട്ടുണ്ട്. ശല്യക്കാരൻ ആനയെ എത്രയുംവേഗം പ്രദേശത്തുനിന്നും തുരത്തുമെന്ന് വനപാലകർ പറഞ്ഞു.