കരുവാരകുണ്ട്: കൽക്കുണ്ട് ജനവാസമേഖലയിലേക്കിറങ്ങിയ രോഗബാധിതനായ കാട്ടാനയുടെ പരാക്രമം ഭയന്ന നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ മലയോര മേഖലയിൽ ഏറെനേരം തടഞ്ഞുവച്ചു. കാട്ടാനയ്ക്ക് കാവൽ ഏർപ്പെടുത്താൻ വാച്ചർമാരെ നിയോഗിച്ചതോടെ വനപാലകരെ നാട്ടുകാർ സന്ധ്യയോടെ വിട്ടയച്ചു.
രണ്ടു ദിവസം മുന്പ് വനഭൂമിയോടു ചേർന്ന കൃഷിയിടത്തിൽ മോഴയാനയെ നിന്നിടത്തു നിന്ന് അനങ്ങാനാകാത്ത അവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉയർന്ന വനപാലകർ വന്നു പോകുന്നതല്ലാതെ മൃഗഡോക്ടറെ കൊണ്ടുവന്നിരുന്നില്ല.
രക്ഷപ്പെടുത്താൻ പറ്റുമോ എന്നതിലൊന്നും വനപാലകർ തീരുമാനത്തിലെത്തിയിരുന്നുമില്ല. രാത്രി ആന സമീപ പ്രദേശങ്ങളിലെ വീടുകളിലേക്ക് വന്ന് ആക്രമണ സ്വഭാവം കാട്ടുമോയെന്ന് നാട്ടുകാർക്ക് ഭയമുണ്ട്.
വൈകുന്നേരമായതോടെ വനപാലകരെല്ലാം വാഹനങ്ങളിൽ കയറി പോകാനൊമാനിയതോടെയാണ് നാട്ടുകാർ സംഘടിച്ച് പ്രശ്നത്തിന് തീരുമാനമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടത്. മൂന്നു വനപാലകരെ പ്രദേശത്ത് രാത്രി കാവലിരുത്താൻ സന്നദ്ധരായതോടെയാണ് വനപാലകരെ നാട്ടുകാർ വിട്ടയച്ചത്.