അഗളി: അട്ടപ്പാടിയിൽ വായിൽ മുറിവേറ്റ് അവശ നിലയിലായിരുന്ന കാട്ടാന ചരിഞ്ഞു. ഇന്നു രാവിലെ ആറോടെയാണ് ആനക്കട്ടി – ഷോളയൂർ റോഡിൽ മരപ്പാലത്ത് കാട്ടാന ചരിഞ്ഞത്.കഴിഞ്ഞ മാസം 16നാണ് വായിൽ മുറിവേറ്റ നിലയിൽ 40 വയസുള്ള മോഴയാന അട്ടപ്പടിയിലെത്തിയത്.
ആനയ്ക്ക് ഭക്ഷണം കഴിക്കാനാവുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ട വനപാലകർ 22ന് മയക്കുവെടിവച്ച് ചികിത്സ നൽകിയിരുന്നു.തുടർന്ന് ആന തമിഴ്നാട്ടിലേക്ക് പോയി. രണ്ട് ദിവസം മുന്പാണ് കൂടുതൽ അവശനിലയിൽ തിരിച്ചെത്തിയത്.
തമിഴ്നാട് മങ്കര ഫോറസ്റ്റ് പരിധിയിൽവച്ച് അവിടുത്തെ വനപാലകർ ഭക്ഷണം നൽകാൻ ശ്രമിച്ചിരുന്നു. ഭക്ഷണം തുന്പിക്കൈയിൽ ചുരുട്ടി കഴിക്കാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. നല്ല ആരോഗ്യമുള്ളതിനാലാണ് ഒരുമാസത്തോളം ഭക്ഷണവും വെള്ളവും കഴിക്കാതെ ജീവൻ നിലനിർത്താൻ സാധിച്ചത്.
ഇന്നലെ വൈകുന്നേരത്തോടെ മരപ്പാലം ഫോറസ്റ്റ് ഓഫീസ് പരിസരത്ത് നിലയുറപ്പിച്ച ആനയ്ക്ക് വനപാലകർ കാവൽ നിന്നിരുന്നു. ഇന്നു പുലർച്ചെ 300 മീറ്ററോളം നടന്ന് ആനക്കട്ടി – ഷോളയൂർ മെയിൻ റോഡിലെത്തി കുഴഞ്ഞുവീണ് ചരിയുകയായിരുന്നു.
മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
സ്ഫോടകവസ്തു കടിച്ചതിനെ തുടർന്നാണ് ആനയ്ക്ക് പരിക്കേറ്റതെന്നാണ് ആനയെ ചികിത്സിച്ച സീനിയർ ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ.അരുണ് സക്കറിയ പറഞ്ഞത്.
ഓസ്റ്റ് 14നാണ് തമിഴ്നാട്ടിൽവച്ച് പരിക്കേറ്റിരിക്കുന്നത്. വേദനയും പ്രാളവും മൂലം അട്ടപ്പടിയിൽ നിരവധി വീടുകളും കൃഷി സ്ഥലങ്ങളും മോഴയാന നശിപ്പിച്ചിരുന്നു.
വീടുകൾ തകർത്തു തരിപ്പണമാക്കുന്നത്പതിവാക്കിയതോടെ നാട്ടു കാർ ആനയ്ക്ക് ബുൾഡോസർ എന്ന വിളി പ്പേരും നൽകി.പാലക്കാട് ജില്ലയിൽ അടുത്ത കാലത്ത് വിവിധ കാരണങ്ങളാൽ ചരിയുന്ന മൂന്നാമത്തെ കാട്ടാനയാണ് ഇത്.