വെള്ളിക്കുളങ്ങര (തൃശൂർ): വനാതിര്‍ത്തി ഗ്രാമമായ പോത്തന്‍ചിറയില്‍ ആള്‍താമസമില്ലാത്ത പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടാന ചരിഞ്ഞ നിലയില്‍ കണ്ടെത്തി.
വെള്ളിക്കുളങ്ങര സ്വദേശി പഞ്ഞികാരന്‍ യോഹന്നാന്റെ ഉടമസ്ഥതയിലുള്ള പോത്തന്‍ചിറയിലെ പറമ്പിലാണ് ഇന്ന് രാവിലെ കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടത്.
തുമ്പിക്കൈയും മുന്‍കാലുകളും ഉള്‍പ്പെടെ കുഴിയിലേക്ക് കൂപ്പുകുത്തിയ നിലയിലായതിനാല്‍ ആനയുടെ ജഡത്തിന്റെ പിന്‍ഭാഗം മാത്രമാണ് മുകളിലേക്ക് കാണുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലമാണിത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഈ പ്രദേശത്ത് കാട്ടാനയിറങ്ങി റബർ, തെങ്ങ് അടക്കമുള്ള കാര്‍ഷിക വിളകള്‍ നശിപ്പിച്ച് വൻതോതിൽ കൃഷി നാശമുണ്ടാക്കിയിരുന്നു.
പഴയ സെപ്റ്റിക് ടാങ്കിനു മുകളിലെ കോണ്‍ക്രീറ്റ് സ്ലാബുകളില്‍ ചവിട്ടിയപ്പോള്‍ സ്ലാബ് തകര്‍ന്നാണ് ആന കുഴിയിലേക്ക് വീണതെന്നാണ് കരുതുന്നത്.
വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജോബിന് ജോസഫിന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചുവരുന്നു.