ഇടുക്കി: കാന്തല്ലൂരില്‍ കാട്ടാന ചരിഞ്ഞത് വൈദ്യുതാഘാതമേറ്റാണെന്നു സംശയം. ഇന്ന് ആനയുടെ ജഡം പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമെ മരണകാരണം വ്യക്തമാകുവെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു.
കാട്ടാന ശല്യം രൂക്ഷമായ കാന്തല്ലൂരില്‍ ഒരാഴ്ച്ചയ്ക്കിടെ ചരിയുന്ന രണ്ടാമത്തെ കാട്ടാനയാണിത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് കാട്ടാനയെ സ്വകാര്യ ഭൂമിയില്‍ ചരിഞ്ഞ നിലയില്‍ കണ്ടത്. പത്തു വയസ് പ്രായമായ കൊമ്പനാണ് ചെരിഞ്ഞത്.
കാന്തല്ലൂരില്‍ ജനങ്ങള്‍ക്ക് ഏറെ ഭീതി സൃഷ്ടിക്കുകയും രണ്ട് പേരെ അക്രമിക്കുകയും ചെയ്ത മോഴയാനയെ ശനിയാഴ്ച ഇടക്കടവ് പുതുവെട്ട് ഭാഗത്ത് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. രോഗബാധയെ തുടര്‍ന്നാണ് കാട്ടാന ചരിഞ്ഞതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഇതിനു പിന്നാലെയാണ് വീണ്ടും കാട്ടാന ചരിഞ്ഞത്.
സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ വൈദ്യുത വേലി സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ വൈദ്യുതി കടത്തി വിട്ടിരുന്നുവെന്നാണ് വിവരം. ഇതില്‍നിന്നാണ് ആനയ്ക്ക് ഷോക്കേറ്റതെന്നാണു സംശയം.
സ്ഥലമുടമയ്ക്കെതിരേ കേസെടുക്കുമെന്ന് വനം ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഇയാളെ കണ്ടെത്താനായിട്ടില്ല. ഇന്ന് ആനയുടെ ജഡം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്കരിക്കും.