കോതമംഗലം: ഇടിമിന്നലേറ്റ് വിരണ്ടോടിയ കാട്ടാനയെ റബർതോട്ടത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മാമലക്കണ്ടം ഞണ്ടുകുളം ആദിവാസിക്കുടിയിലെ ചിന്നാണ്ടിയുടെ തോട്ടത്തിലാണ് ഉദ്ദേശം പതിനഞ്ച് വയസുള്ള പിടിയാനയുടെ ജഡം കാണപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ പ്രദേശത്ത് ശക്തമായ ഇടിമിന്നലും മഴയും ഉണ്ടായിരുന്നു. ഞായറാഴ്ച രാവിലെയാണ് തോട്ടത്തിൽ ആനയുടെ ജഡം കണ്ട് വനപാലകരെ വിവരം അറിയിച്ചത്. ഇടിമിന്നലിനെ ഭയന്നുള്ള ഓട്ടത്തിനിടെ വീണാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. വീഴ്ചയിൽ ആനയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും ക്ഷതമേറ്റിട്ടുണ്ട്.
ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറ സ്റ്റേഷൻ പരിധിയിൽപ്പെടുന്ന സ്ഥലത്താണ് സംഭവം. ഫോറസ്റ്റ് റേഞ്ച് ഓഫീസർ അരുൺ കെ. നായർ, മൂന്നാർ ഫോറസ്റ്റ് അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർ ഡോ. ടി.എസ്. അരുൺ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി ജഡം സംസ്കരിച്ചു.