നെന്മാറ : നെല്ലിയാന്പതി മണലാരൂ എസ്റ്റേറ്റിനകത്തെ നൂറടി പുഴയിലെ ചെക്ക് ഡാമിനകത്ത് പിടിയാന വെള്ളത്തിൽ ഇറങ്ങി കരയ്ക്കു കയറാതെ നിന്ന കാട്ടാന ചരിഞ്ഞു.ബുധനാഴ്ച്ച രാത്രി 10.30 ഓടെ കരയ്ക്കുകയറിയെങ്കിലും ഇന്നലെ രാവിലെ നിൽപ്പ് ഉറപ്പിച്ച സ്ഥലത്തിന് അല്പം മാറി നിന്നുവെങ്കിലും പിന്നീട് ചരിഞ്ഞ നിലയിൽ കാണപ്പെടുകയായിരുന്നു.
ജെസിബി ഉപയോഗിച്ച് വടം കെട്ടി ചരിഞ്ഞ ആനയുടെ ജഡം കരയ്ക്ക് കയറ്റി കാവൽ ഏർപ്പെടുത്തി. ആനയുടെ ജഡം കരയ്ക്ക് കയറ്റാൻ വൈകിയതിനാൽ പോസ്റ്റുമോർട്ടം ഇന്നത്തേക്കു മാറ്റിയതായി നെന്മാറ വനം ഡിഎഫ്ഒ ആർ. ശിവപ്രസാദ് അറിയിച്ചു.
വയനാട്ടിൽ നിന്നും വനം വകുപ്പ് വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ ഇന്നു നടക്കുന്ന പോസ്റ്റ്മോർട്ടം പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാവൂ എന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കൃഷ്ണദാസ് പറഞ്ഞു.ഡെപ്യൂട്ടി വനം റേഞ്ച് ഓഫീസർ വിനോദിന്റെ നേതൃത്വത്തിൽ ചരിഞ്ഞ ആനയ്ക്ക് കാവൽ ഏർപ്പെടുത്തി.
വനം ഫ്ളയിങ് സ്ക്വാഡ് ജീവനക്കാർ തുടങ്ങിയവർ നെല്ലിയാന്പതിയിൽ ക്യാന്പ് ചെയ്തു മേൽ നടപടികൾ സ്വീകരിച്ചു വരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം സമീപത്തുള്ള വനമേഖലയിൽ ജഡം കുഴിച്ചിടും.ചൊവ്വാഴ്ച രാത്രി മുതലാണ് പിടിയാന ചെക് ഡാമിനകത്തു വെള്ളത്തിൽ നിൽപ്പ് ആരംഭിച്ചത്.
ബുധനാഴ്ച വനം ജീവനക്കാർ കാട്ടാനയെ കരകയറ്റാൻ ശ്രമിച്ചെങ്കിലും ആന ചെക്ക് ഡാമിനകത്ത് തന്നെ നിൽപ്പ് ഉറപ്പിക്കുകയായിരുന്നു. ചെക്ക് ഡാമിനകത്ത് ആന ചരിഞ്ഞതോടെ സംഘത്തിലുണ്ടായിരുന്ന കുട്ടിയാനയും കൊന്പനും പിടിയാനയും ഉൾപ്പെട്ട മൂന്നംഗസംഘം വ്യാഴാഴ്ച രാവിലെയോടെ സംഭവസ്ഥലത്തുനിന്ന് ഉൾക്കാട്ടിലേക്ക് കയറി പോയി.