അഗളി: ഷോളയൂർ കള്ളക്കരയിൽ ഭീതിവിതച്ച് കാട്ടാനകുടുംബമെത്തി. ഒരു കൊന്പനും പിടിയാനയും കുഞ്ഞും അടങ്ങിയ ആനകുടുംബമാണ് ഇന്നലെ ജനവാസ കേന്ദ്രത്തിലെത്തിയത്. രാവിലെ കൃഷിയിടത്തിലെത്തിയ ആനകൾ വൈകുന്നേരം അഞ്ചുമണി വരെ കൃഷിയിടത്തിൽ തന്പടിച്ചു. കാട്ടാനയെ ഓടിക്കാനെത്തിയ വനപാലകർക്ക് നേരെ പലവട്ടം കൊന്പനാന പാഞ്ഞടുത്തു.
ആറുമാസത്തിൽ താഴെ പ്രായമുള്ള ആനക്കുട്ടിയാണ് കൂടെയുള്ളത്. ആനക്കുട്ടിക്ക് പൂർണസംരക്ഷണം നല്കി പിടിയാനയും കൊന്പനാനയും നിലയുറപ്പിച്ചു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഉദയൻ, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ സതീഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബിനു എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും മണ്ണാർക്കാട്, അഗളി കാട്ടാന ദ്രുതകർമ്മസേനയും രാവിലെ മുതൽ സ്ഥലത്തെത്തി ആനകളെ ജനവാസകേന്ദ്രത്തിലേക്ക് കടത്തിവിടാതെ വളഞ്ഞിരിക്കുകയായിരുന്നു.
വൈകുന്നേരം അഞ്ചിന് ശേഷമാണ് ആനകളെ കാട്ടിലേക്ക് കടത്തിവിടാൻ ശ്രമം ആരംഭിച്ചത്. കുട്ടിയാന ഉള്ളതിനാൽ ആനകൾ പലപ്പോഴും അക്രമാസക്തമാകുകയാണ്. ജനവാസകേന്ദ്രത്തിലൂടെയുള്ള ആനയോടിക്കൽ അപകടകരമാണെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു. ഇന്നലെ രാത്രി വൈകിയാണ് ആനകൾ വിജനസ്ഥലത്തേക്ക് മാറിയത്.
തമിഴ്നാട്ടിൽ നിന്നും കൊടുങ്ങരപ്പള്ളം കടന്നാണ് കാട്ടാനകൾ അട്ടപ്പാടിയിലേക്ക് പ്രവേശിക്കുന്നത്. ഒരു ഡസനോളം കാട്ടാനകൾ ഇപ്പോൾ ഷോളയൂർ പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങൾ ചുറ്റിപ്പറ്റി നിലയുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച ഷോളയൂരിൽ വയോധികൻ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതേതുടർന്ന് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അറുപതോളം വനപാലകർ ഷോളയൂർ പ്രദേശത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. കൊലയാളി ആനയെ ഇതുവരെ ഷോളയൂരിൽ നിന്നും തുരത്താൻ കഴിഞ്ഞിട്ടില്ല.
ഈ സാഹചര്യത്തിലാണ് ഇന്നലെ കോട്ടത്തറയ്ക്കു സമീപം കുട്ടിയാന അടക്കമുള്ള സംഘം കൃഷിയിടത്തിൽ പ്രത്യക്ഷപ്പെട്ടത്. വനപാലകർ കൂട്ടത്തോടെ കള്ളക്കരയിലേക്ക് ആനയോടിക്കാൻ നീങ്ങിയപ്പോൾ ഷോളയൂർ പ്രദേശവാസികൾ വീണ്ടും ഭീതിയിലായി. തമിഴ്നാട്ടിൽ നിന്നും അട്ടപ്പാടിയിലേക്ക് ആനകൾ കടക്കുന്ന കവാടങ്ങൾ പൂർണ്ണമായും അടക്കാുകയല്ലാതെ കാട്ടാനകളിൽ നിന്നും രക്ഷ നേടാൻ മറ്റു മാർഗങ്ങളില്ല.