ഇടുക്കി: ചിന്നക്കനാലിലും ഇടമലക്കുടിയിലും കാട്ടാനയാക്രമണം. കുണ്ടള ഡാമിനു സമീപവും അടിമാലി-നേര്യമംഗലം റൂട്ടിലും കാട്ടാനക്കൂട്ടം ഇറങ്ങി.
ഉടുന്പൻഞ്ചോല ചിന്നക്കനാൽ സിങ്കുകണ്ടത്ത് കൂനംമാക്കൽ മനോജ് മാത്യുവിന്റെ വീടിനുനേരേയാണു ചക്കക്കൊന്പന്റെ ആക്രമണം ഉണ്ടായത്. ഇന്നു പുലർച്ചെ നാലോടെ മനോജിന്റെ വീടിനു മുന്നിലെത്തിയ ആന കൊന്പുപയോഗിച്ച് ഭിത്തിയിൽ ശക്തിയായി കുത്തുകയായിരുന്നു. വീടിന്റെ ഭിത്തിയിൽ വിള്ളൽ വീണിട്ടുണ്ട്. അകത്തെ സീലിംഗും തകർന്നുവീണു.
മനോജും കുടുംബവും വീടിനകത്ത് ഉറങ്ങുന്പോഴായിരുന്നു ആക്രമണം. ശബ്ദം കേട്ട് ഉണർന്നപ്പോഴേയ്ക്കും കാട്ടാന സ്ഥലംവിട്ടിരുന്നു. ചക്കക്കൊന്പൻ വീട് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
ഇടമലക്കുടിയിൽ ഏഴ് ആനകളടങ്ങുന്ന കൂട്ടമാണ് ആക്രമണങ്ങൾ നടത്തിയത്. സൊസൈറ്റിക്കുടിയിൽ റേഷൻകടയും തൊട്ടുചേർന്നുള്ള പലചരക്കുകടയും കാട്ടാനകൾ തകർത്തു. വാതിലുകളും ജനലുകളും തകർത്തു ഭക്ഷണവസ്തുക്കൾ വലിച്ചുപുറത്തേക്കിട്ടു. തൊട്ടടുത്തുള്ള തെങ്ങ് കടപുഴക്കിയെറിഞ്ഞു.
രാത്രി എത്തിയ കാട്ടാനകൾ മണിക്കൂറുകൾക്കുശേഷമാണു മടങ്ങിയത്. പ്രദേശത്ത് ഇതാദ്യമായാണു കാട്ടാനക്കൂട്ടം കടകൾ തകർക്കുന്നത്.
കുണ്ടള ഡാമിനടുത്തെത്തിയ കാട്ടാനകളെ തുരത്താൻ ആർആർടി സംഘം ശ്രമമാരംഭിച്ചിട്ടുണ്ട്. നേര്യമംഗലം ആറാം മൈൽ ഭാഗത്ത് റോഡിൽ കാട്ടാനക്കൂട്ടം ഇറങ്ങിയതിനാൽ അടിമാലി-നേര്യമംഗലം റൂട്ടിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണമെന്നു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.