മുളിയാര്‍: കര്‍ണാടക വനത്തില്‍നിന്നും വീണ്ടും പുലിപ്പറമ്പിലെ സൗരോര്‍ജവേലി തകര്‍ത്തെത്തിയ കാട്ടാനക്കൂട്ടം പയസ്വിനി പുഴയുടെ വൃഷ്ടിപ്രദേശമായ നെയ്യംകയത്ത് നിലയുറപ്പിച്ചതോടെ എരിഞ്ഞിപ്പുഴ പാലത്തിനു മുകളില്‍ രാത്രി മുഴുവന്‍ കാവലുമായി കര്‍ഷകര്‍.
പുഴ കടന്ന് ആനക്കൂട്ടം മുളിയാര്‍ വനത്തിലെത്തിയാല്‍ വീണ്ടും ജനവാസകേന്ദ്രങ്ങളിലിറങ്ങുമെന്നും പിന്നീട് ഇവയെ തുരത്തുന്നത് ഏറെ പ്രയാസകരമായിരിക്കുമെന്നുമുള്ള മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തിലാണ് കര്‍ഷകരുടെ കാവല്‍.
പാലത്തിനു മുകളില്‍ നിന്ന് ശബ്ദമുണ്ടാക്കിയും താഴേക്ക് പടക്കങ്ങള്‍ കത്തിച്ചെറിഞ്ഞുമാണ് ഇവര്‍ ആനകള്‍ പുഴ കടക്കുന്നതിനെ പ്രതിരോധിക്കുന്നത്.
വേനല്‍മഴയെ തുടര്‍ന്ന് പുഴയില്‍ നീരൊഴുക്ക് വര്‍ധിച്ചിരിക്കുന്നതിനാല്‍ മുന്‍കാലങ്ങളിലേതുപോലെ ആളുകള്‍ക്ക് പന്തം കത്തിച്ച് പുഴയിലിറങ്ങി ആനകളെ പ്രതിരോധിക്കാനാവുന്നില്ല.
എന്നാല്‍ നീരൊഴുക്ക് വര്‍ധിച്ചത് ആനക്കൂട്ടത്തിന് പുഴകടക്കാന്‍ പ്രയാസമൊന്നും ഉണ്ടാക്കുന്നില്ലെന്നാണ് കര്‍ഷകരുടെ അനുഭവം.
സമീപകാലത്ത് മൂന്നുതവണയാണ് എരിഞ്ഞിപ്പുഴ കടന്ന് കാട്ടാനക്കൂട്ടം മുളിയാറിലെത്തിയത്. ദശലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് അന്നെല്ലാം മുളിയാറിലും സമീപ പഞ്ചായത്തുകളിലും ഉണ്ടായത്.
ആറളത്തുനിന്നും വയനാട്ടില്‍ നിന്നുമെത്തിയ വിദഗ്ധ സംഘം ഉള്‍പ്പെടെയുള്ള വനപാലകരും നാട്ടുകാരും ആഴ്ചകള്‍ നീണ്ട അക്ഷീണ പ്രയത്നത്തിനൊടുവിലാണ് ആനകളെ തിരിച്ച് പുഴകടത്തി വിട്ടത്.
എന്നാല്‍ പുലിപ്പറമ്പ് വനാതിര്‍ത്തിയിലെ സൗരോര്‍ജവേലി ആനക്കൂട്ടത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമാകാത്തതിനാല്‍ പിന്നെയും ദിവസങ്ങള്‍ക്കകം ആനകള്‍ തിരിച്ചെത്തുകയാണ്.
ആനകള്‍ പുഴ കടക്കുന്നത് തടയാനായി എരിഞ്ഞിപ്പുഴ പാലത്തിനു താഴെ തൂക്കു വൈദ്യുതവേലി സ്ഥാപിക്കുമെന്ന് നേരത്തേ വനംവകുപ്പ് ഉറപ്പുനല്‍കിയിരുന്നെങ്കിലും അത് വെറുംവാക്കായി മാറുകയായിരുന്നു.
പുഴക്കരയില്‍ മറ്റിടങ്ങളിലെല്ലാം വൈദ്യുതവേലി സ്ഥാപിച്ചിട്ടുള്ളതിനാല്‍ പാലത്തിനു കീഴിലൂടെ മാത്രമാണ് ആനകള്‍ക്ക് പുഴകടക്കാനാവുന്നത്.
കോവിഡ് രോഗഭീതിയും ലോക്ക്ഡൗണുമുള്ളതിനാല് മുന്‍കാലങ്ങളിലേതുപോലെ കര്‍ഷകര്‍ക്ക് കൂട്ടമായി ഇറങ്ങി ആനകളെ തുരത്താനാകുന്നില്ലെന്ന പ്രശ്നവുമുണ്ട്.
എങ്കിലും സ്വന്തം രക്ഷയ്ക്കായി മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിക്കുന്നതിനൊപ്പം നട്ടുവളര്‍ത്തിയ കാര്‍ഷികവിളകളുടെ സംരക്ഷണത്തിനായി രാത്രി മുഴുവന്‍ കാവലിരിക്കുക കൂടി ചെയ്യേണ്ട അവസ്ഥയിലാണ് മുളിയാറിലെ കര്‍ഷകര്‍.