കേണിച്ചിറ: കഴിഞ്ഞ രാത്രി കോളേരിയിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ രണ്ടംഗ കാട്ടാനകളുടെ പരാക്രമത്തിൽ വനം വകുപ്പ് വാച്ചർക്ക് ഗുരുതര പരിക്ക്. പുൽപ്പള്ളി ഫോറസ്റ്റ് സെക്ഷൻ വനം വാച്ചർ നെയ്ക്കുപ്പ കുഴിയാലിൽ രാജു സെബാസ്റ്റ്യൻ (45) നെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൃഷിയിടത്തിൽ ഇറങ്ങിയ ആനകളെ ഉച്ചയോടെ തുരത്തുന്നതിനിടയിലാണ് ആന വനം വകുപ്പ് വാച്ചർമാർക്ക് നേരെ തിരിഞ്ഞത്. തിരിഞ്ഞ് ഓടുന്നതിനിനെ വീണുപോയ രാജുവിനെ ആന കുത്തുകയും ചവുട്ടുകയും തുന്പികൈക്ക് എടുത്ത് എറിയുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. ആളുകൾ ബഹളം വെച്ചതിനെതുടർന്ന് ആന പിൻമാറിയതോടെയാണ് ഇദ്ദേഹത്തെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
മുഖത്തും നട്ടെല്ലിനും പരിക്കേറ്റ ഇയാളെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷവും കാട്ടാനകൾ കോളേരി കുണ്ടിചിറയിലെ സ്വകാര്യ തോട്ടത്തിൽ തന്പടിച്ചിരിക്കുകയാണ്.
സ്ഥലത്ത് ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. വനം വകുപ്പും കേണിച്ചിറ പോലീസും സ്ഥലത്ത് രാത്രി വൈകിയും ക്യാന്പ് ചെയ്യുന്നുണ്ട്. വയനാട്ടിൽ അടുത്തിടെയായി വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാണ്. കഴിഞ്ഞ ദിവസം കാട്ടാനായുടെ ആക്രമണത്തിൽ തിരുനെല്ലിയിൽ സിപിഎം നേതാവ് മരിച്ചിരുന്നു.