മാത്യൂ കല്ലടിക്കോട്
കല്ലടിക്കോട്: ചക്കയും മാങ്ങയും കുടിവെള്ളവും തേടി കാട്ടാനക്കൂട്ടം മലയോരമേഖലയിലെ കൃഷിയിടങ്ങളിലേയ്ക്ക് കൂട്ടമായി എത്തുന്നത് പ്രദേശത്തെ കർഷകരിൽ ഭീതിയുളവാക്കുന്നു.കല്ലടിക്കോടൻ മലയോരത്തുള്ള വേലിക്കാട് വടക്കന്റെ കാട്, എരുമേനി,മുട്ടിയങ്കാട്,പറക്കല്ലടി, മുതുകാട്പറന്പ്, പങ്ങ്, വാക്കോട്, ചെറുമല, കൂമൻ കുണ്ട്, മീൻ വല്ലം, കരിമല, ആറ്റ് ല, പുതുക്കാട്, പൂഴിക്കുന്ന്, തരുപ്പപ്പതി, വഴിക്കടവ്, മുണ്ടനാട്, വട്ടപ്പാറ, ചീനിക്കപ്പാറ, പായപ്പുല്ല് തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനകൾ സ്ഥിരമായി എത്തുന്നത്.
കഴിഞ്ഞ രണ്ടു വർഷത്തിനകം കല്ലടിക്കോട് കരിന്പ മേഖലകളിൽ കാട്ടാനകളുടെ വിളയാട്ടത്തിൽ രണ്ടുകോടിരൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.വൻ തോതിൽ തെങ്ങും, കവുങ്ങും, വാഴയും മറ്റ് കൃഷികളും നശിപ്പിക്കുന്നത്. കാട്ടാനകൾ കൂട്ടമായി എത്തുന്നതും, ദേശീയ പാതമുറിച്ചു കടന്ന് ജനവാസമേഖലയിലൂടെ നടന്നുപോകുന്നതും പതിവാണ്.
കാഞ്ഞിക്കുളത്ത് ദേശീയ പാതയോടു ചേർന്നുള്ള വീടിന്റെ മതിൽ ചവിട്ടി പൊളിച്ചതും, മാപ്പിള സ്ക്കൂളിനു സമീപം മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റേതടക്കം വീടുകൾക്ക് നാശം വരുത്തിയതും വാഹനങ്ങൾ ആക്രമിക്കാൻ ശ്രമിച്ചതും പ്രദേശത്തുകാർ മറന്നിട്ടില്ല.
കാട്ടാനകളെ പേടിച്ച് റബർ ടാപ്പിംഗ്, കൃഷിയിടത്തിലെ മറ്റ് പണികൾ എന്നിവയെല്ലാം ചെയ്യാൻ ആളെ കിട്ടാതെ കഷ്ടപ്പെടുന്നതും പതിവാണ്.
കാട്ടാനകളെ തുരത്താനും കൃഷിയിടങ്ങളിലേക്കിറങ്ങാതിരിക്കാനും വനം വകുപ്പും കർഷകരും വൈദ്യുതി വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ ചവിട്ടി മറിച്ചിട്ട് കൃഷിയിടത്തിലേക്ക് കടക്കുന്നതും പതിവാണ്. വനം വകുപ്പ് സ്ഥാപിച്ച വൈദ്യുതി വേലികൾ പലതും അറ്റകുറ്റപണികൾ നടത്താ ത്തതിനാൽ പൊട്ടിപ്പൊളിഞ്ഞ് തകർന്ന് നശിച്ചു കിടക്കുകയാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഈ മേഖലയിൽ മൂന്ന് കോടിയുടെ കൃഷികളാണ് കാട്ടാനകൾ നശിപ്പിച്ചിട്ടുള്ളത്. കാടിനുള്ളിൽ തടയണകെട്ടി ജല ലഭ്യത ഉറപ്പുവരുത്തണമെന്നും ഫലവർഗങ്ങൾ വെച്ചുപിടിപ്പിക്കണമെന്നും വനാതിർത്തിയിൽ ട്രഞ്ച് നിർമ്മിക്കണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്.