കൽപ്പറ്റ: വയനാട്ടിലെ കർഷകർക്ക് എന്നും പേടി സ്വപ്നമായ വന്യമൃഗ ശല്യം അതിന്റെ മൂർധന്യാവസ്ഥയിലാണെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും നിസംഗതമാത്രം. ആന, പന്നി, മാൻ, കാട്ടുപോത്ത്, കുരങ്ങ് തുടങ്ങിയവ നാട്ടിലിറങ്ങി കൃഷികൾ നശിപ്പിക്കുന്നത് പതിവാണെങ്കിലും അവയെ തടുക്കാൻ കർഷകർക്കാവുന്നില്ല.
കഴിഞ്ഞ വർഷം പനമരത്ത് അഞ്ച് കാട്ടാനകൾ ഇറങ്ങി നാട് മുഴുവൻ കറങ്ങിയാണ് തിരികെ കാടുകയറിയത്. നെയ്കുപ്പ വനമേഖലയിൽ നിന്നും അമ്മാനി, നീർമാരം, പരിയാരം പരക്കുനി, കൃഷ്ണമൂലവഴിയാണ് കണ്ണാടിമുക്ക് തോട്ടത്തിൽ എത്തിയത്.
കൊയിലേരി ഭാഗത്തേക്കുള്ള വാഹന ഗതാഗതം തടസപ്പെടുത്തി. കാട്ടാനകളെ തുരത്താൻ വനംവകുപ്പ് പദ്ധതിയിട്ടെങ്കിലും കൃഷിയിടങ്ങളിൽ നിലയുറപ്പിക്കുകയായിരുന്നു കാട്ടാനകൾ. നെയ്കുപ്പ വനത്തിൽ നിന്നും കിലോമീറ്ററോളൂം ദൂരത്താണ് കൈതക്കൽ ഗ്രാമം ഉള്ളത്. കാർഷിക വിളകൾക്ക് പുറമേ മനുഷ്യ ജീവനും ആന ഭീഷണിയാകുന്നുണ്ട്.
മുന്പ് നീർവാരം വയലിൽ എത്തിയ ഒറ്റയാൻ വനംവകുപ്പിന്റെ ജീപ്പ് തകർത്തിരുന്നു. ജനത്തിന് നേരെ അന്ന് ആന പാഞ്ഞടുത്തു. കാട്ടാന നാട്ടിലിറങ്ങുബോൾ വനം വകുപ്പിന് കാര്യമായി ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നാണ് യഥാർഥ്യം. നീർവാരം, പരിയാരം, നടവയൽ, അമ്മാനി, നെല്ലിയന്പം, മാത്തൂർ ഭാഗങ്ങളിലെ ജനങ്ങൾ സംഘടിപ്പിച്ച് സമരങ്ങൾ നടത്തിട്ടും യാതൊരു പ്രയോജനവും ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.
മുന്പ് കാപ്പുഞ്ചാൽ പ്രദേശത്ത് രാവിലെ പാൽ കൊണ്ടുവന്ന വയോധികൻ ആനയുടെ ആക്രമണത്തിൽ മരണപ്പെട്ടിരുന്നു. ബത്തേരിയിൽ വടക്കനാട് കാട്ടാനയുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നടത്തിയ സമരം ശ്രദ്ധേയമായിരുന്നു.
വടക്കാനാട് കൊന്പന്റെ ആക്രമണത്തിൽ നിരവധി കർഷകർക്കാണ് ജീവൻ നഷ്ടമായത്. നാട്ടുകാരുടെ നിരന്തര സമരങ്ങളുടെ ഫലമായി കൊന്പനെ വനംവകുപ്പ് പിടികൂടിയിരുന്നു.
റെയിൽ വേലിയും രക്ഷയില്ല
കാട്ടാനാക്രമണം തടയുന്നതിന് റെയിൽ വേലികൾ സ്ഥാപിക്കുന്നുണ്ടെങ്കിലും അതും ഫലപ്രദമാകുന്നില്ലെന്നാണ് പരാതി. മൂടക്കൊല്ലി ക്ഷേത്രത്തിനു സമീപം നിർമാണത്തിലുള്ള റെയിൽ വേലി കാട്ടാന തകർത്തിരുന്നു.
വേലി തകർത്തു കൃഷിയിടങ്ങളിൽ ഇറങ്ങിയ ആന വൻതോതിൽ വിളനാശവും വരുത്തി. കാട്ടാനശല്യം ഫലപ്രദമായി തടയുന്നതിനു വനം-വന്യജീവി വകുപ്പ് ആസൂത്രണം ചെയ്തതാണ് റെയിൽവേലി പദ്ധതി.
ആന മാത്രമല്ല, കടവയും
ദിവസങ്ങൾക്ക് മുന്പ് നടവയൽ ചിങ്ങോട് കൃഷിയിടത്തിൽ കെട്ടിയിട്ടിരുന്ന പോത്തിനെ കടുവ കൊന്നിരുന്നു. അയനിമല രാജേഷിന്റെ ഒന്നര വയസ് പ്രായം വരുന്ന പോത്തിനെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. സമീപത്തെ വീടുകളിലെ താമസക്കാർ നോക്കി നിൽക്കേയാണ് കടുവ പോത്തിന് നേരെ ചാടി വീണത്.
ഇന്നലെ ചെതലയം വനമേഖലയിൽപ്പെട്ട ആറാംമൈൽ പുത്തന്നൂരൻ രാമചന്ദ്രന്റെ മൂന്ന് വയസുള്ള പശുവിനെ കടുവ കൊന്നിരുന്നു. പശുവിനെ വനമേഖലയോട് ചേർന്ന പ്രദേശത്ത് മേയാൻ വിട്ടതായിരുന്നു. പശുവിനെ കൊന്നശേഷം അന്പത് മീറ്ററോളം വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയെങ്കിലും നാട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് കടുവ ഉപേക്ഷിച്ച് പിന്മാറുകയായിരുന്നു.
തോക്കില്ലാതെ വെടിവച്ചോ…
കൃഷിയിടത്തിലിറങ്ങി വിളവ് നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലുന്നതിനായ സർക്കാർ പുതിയ ഉത്തരവ് ഇറക്കിയെങ്കിലും അതും വയനാട്ടിലെ കർഷകർക്ക് ഗുണകരമാകുന്നില്ലെന്നാണ് പരാതി. ലൈസൻസുള്ള തോക്ക് കൈവശമുള്ള കർഷകർ പേരിനുപോലും ഇല്ലാത്തതാണ് ഉത്തരവ് ജില്ലയിൽ പ്രയോജനപ്പെടാത്തതിനു കാരണം.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 500 ഓളം കർഷകർക്കാണ് തോക്കു ലൈസൻസ് ഉണ്ടായിരുന്നത്. മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തിൽ പോലീസ് നിർദേശിച്ചതനുസരിച്ചു സ്റ്റേഷനുകളിൽ ചാരിയ തോക്കുകൾ കർഷകർക്കു വിട്ടുകൊടുക്കുകയോ ലൈസൻസ് പുതുക്കിനൽകുകയോ ചെയ്തിട്ടില്ല.
കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ മുൻകൂർ അനുവാദം ഇല്ലാതെതന്നെ ഏതുവിധേനയും കൊല്ലുന്നതിനുള്ള അനുമതിയാണ് കർഷകർക്കു ആവശ്യം. കാട്ടുപന്നികൾ പെറ്റുപെരുകിയതുമൂലം ഒരിനം ഭക്ഷ്യവിളയും കൃഷിചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ജില്ലയിൽ ഭൂരിപക്ഷം പ്രദേശങ്ങളിലുമുള്ളത്.