സ്വന്തം ലേഖകൻ
തൃശൂർ: പൈനാപ്പിളിനകത്ത് സ്ഫോടകവസ്തു വെച്ചു നൽകിയത് തിന്ന് കാട്ടാന ചെരിഞ്ഞ ദാരുണസംഭവത്തിൽ നാടുമുഴുവൻ പ്രതിഷേധവും നൊന്പരങ്ങളും ഉയരുന്പോൾ, കാടിറങ്ങി വരുന്ന മൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതു തടയാൻ എന്തു ചെയ്യുമെന്ന ചോദ്യവുമായി കർഷകരും രംഗത്ത്.
കാടിറങ്ങി വരുന്ന ആനകളും കാട്ടുപന്നികളും കൃഷി നശിപ്പിക്കുന്പോൾ അവയോട് വേദമോതിയിട്ട് കാര്യമുണ്ടോ എന്നാണ് കർഷകരുടെ ചോദ്യം. കാടിനോടു ചേർന്നുകിടക്കുന്ന കേരളത്തിലെ എല്ലാ ജില്ലകളിലും കർഷകർ ഈ പ്രശ്നം നേരിടുന്നുണ്ടെന്നും ഇത് മലപ്പുറത്തേയോ മണ്ണാർക്കാട്ടേയോ മാത്രം പ്രശ്നമല്ലെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
കടം മേടിച്ചും ഉള്ളതെല്ലാം പണയം വെച്ചും കൃഷിയിറക്കി വിളവെടുപ്പിന് തൊട്ടുമുൻപ് കാട്ടുമൃഗങ്ങൾവന്ന് അതു മുച്ചൂടും നശിപ്പിച്ചിട്ടു പോകുന്പോൾ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയേണ്ട സ്ഥിതിയാണ് കർഷകർക്കെന്ന് പലതവണ കൃഷിനാശം നേരിടേണ്ടി വന്ന കർഷകർ പറയുന്നു.
കാട്ടുമൃഗങ്ങൾ കാടിറങ്ങി വരാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളേണ്ട വനംവകുപ്പ് അത് പലപ്പോഴും കൃത്യമായി പാലിക്കുന്നില്ലെന്നും അതാണ് ഈ പ്രശ്നത്തിന്റെ പ്രധാന കാരണമെന്നും മിക്ക കർഷകരും ചൂണ്ടിക്കാട്ടി. ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടുമൃഗങ്ങൾ മനുഷ്യരുടെ ജീവനും വലിയ ഭീഷണിയാണുയർത്തുന്നതെന്ന് ഇവർ ഓർമിപ്പിക്കുന്നു.
കാടുവിട്ട് ആനയും പുലിയുമെല്ലാം ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് മിക്ക മലയോര ഗ്രാമങ്ങളിലും കാടിനോടു ചേർന്നുകിടക്കുന്ന സ്ഥലങ്ങളിലും പതിവായിട്ടുണ്ട്. വേനൽക്കാലത്ത് കാടിനകത്ത് വെള്ളം കുറയുന്പോൾ ഇവ കൂടുതലായി കാടിറങ്ങും.
കാട്ടുപന്നിയടക്കമുള്ളവയുടെ ശല്യം തീർക്കാൻ ഇത്തരത്തിൽ ഭക്ഷ്യവസ്തുക്കൾക്കുള്ളിൽ പന്നിപ്പടക്കം പോലുള്ളവ വച്ച് കൃഷിയിടങ്ങളിൽ ഇടാറുണ്ടെന്നും വേറെ നിവൃത്തിയില്ലാത്തതിനാലാണ് ഇതെന്നും കർഷകർ സമ്മതിക്കുന്നു.
ആനയ്ക്ക് പൈനാപ്പിൾ ആരെങ്കിലും കൊടുത്തതാകണമെന്നില്ലെന്നും ഇത്തരത്തിൽ കൃഷിയിടങ്ങളിലിട്ട പൈനാപ്പിൾ യാദൃശ്ചികമായി കിട്ടിയപ്പോൾ ആന തിന്നതാകാമെന്നും ചില കർഷകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
കാട്ടുമൃഗങ്ങൾ കൃഷിനശിപ്പിക്കുന്പോൾ അതിന്റെ നഷ്ടപരിഹാരം കിട്ടാനും മറ്റുമായി ദിവസങ്ങളോളം സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട സ്ഥിതിയാണുള്ളതെന്നും കർഷകർ ഓർമിപ്പിക്കുന്നു.
പിടിയാന ദാരുണമായി ചെരിഞ്ഞതിൽ തങ്ങൾക്കും വിഷമമുണ്ടെന്നും എന്നാൽ കടത്തിൽ മുങ്ങി കൃഷിയിറക്കുന്ന തങ്ങളുടെ അവസ്ഥ കൂടി എല്ലാവരും മനസിലാക്കണമെന്നുമാണ് കർഷകരുടെ അപേക്ഷ.