കോടാലി: മലയോരത്ത് വീണ്ടും കാട്ടാനയിറങ്ങി. മുരുക്കുങ്ങൽ താളൂപ്പാടം പ്രദേശത്താണ് വ്യാഴാഴ്ച രാത്രിയിൽ ആനയിറങ്ങിയത്. ഇവിടെയുള്ള പടിഞ്ഞാറേകാരൻ ഷാജുവിന്റെ വീടിനു സമീപത്തെത്തിയ ആന വീട്ടുപറന്പിൽ നിന്നിരുന്ന തെങ്ങുൾപ്പടെയുള്ള കാർഷിക വിളകൾക്ക് നാശം വരുത്തി.
പടിഞ്ഞാറേക്കാരൻ ലോന, പടിഞ്ഞാറേക്കാരൻ ഷാജു, മുണ്ടാടൻ ബാബു എന്നിവരുടെ കൃഷിയിടങ്ങളിലെ വാഴ, തെങ്ങ്, കവുങ്ങ്, ജാതി എന്നിവ കാട്ടാനകൾ നശിപ്പിച്ചു. വീടുകളോടുചേർന്ന് ആനകളെത്തുന്നത് പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഇത് മൂന്നാംതവണയാണ് താളൂപ്പാടം പ്രദേശത്ത കാട്ടാനകളെത്തുന്നതെന്ന് പടിഞ്ഞാറേകാരൻ ഷാജു പറഞ്ഞു കാട്ടാനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ച പ്രദേശം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്പിളി സോമൻ,സ്ഥിരം സമിതി അധ്യക്ഷ ആശ ഉണ്ണികൃഷ്ണൻ എന്നിവർ സന്ദർശിച്ചു.
വനം വകുപ്പധികൃതരും താളൂപ്പാടത്തോടു ചേർന്ന് കിടക്കുന്ന മുപ്ലി, പോത്തൻചിറ, ചൊക്കന പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകളെത്തി നാശനഷ്ടങ്ങളുണ്ടാക്കി. കാരിക്കടവ് ആദിവാസി കോളനിക്കുള്ളിലും കഴിഞ്ഞ രാത്രി കാട്ടാനകൾ ഇറങ്ങിയിരുന്നു.കോളനി നിവാസികൾ ഒച്ചയെടുത്തും വെളിച്ചം കാണിച്ചും ഇവ യെ തുരത്തുകയായിരുന്നു.
ഏതാനും ദിവസം മുന്പ് മുരുക്കുങ്ങൽമുപ്ലി റോഡിൽ ബൈക്ക് യാത്രക്കാരന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേൽക്കുകയുമുണ്ടായി. കാട്ടാനകളുടെ സാന്നിധ്യമുള്ളതിനാൽ രാത്രി സമയത്ത് മുപ്ലി റോഡിലൂടെ ഭീതിയോടെയാണ് പ്രദേശവാസികൾ സഞ്ചരിക്കുന്നത്.