കൊല്ലങ്കോട്: എലവഞ്ചേരി തേക്കുമുറി ജനവാസ കേന്ദ്രത്തിനു സമീപം തന്പടിച്ചിരിക്കുന്ന ഒരു കുട്ടി ഉൾപ്പെട്ട നാലു കാട്ടാനകൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. രാത്രി സമയങ്ങളിൽ സമീപവാസികൾ ആനകളുടെ ചിന്നംവിളി കേട്ട്ഭീതിയിലാണ് കഴിയുന്നത്. ഇക്കഴിഞ്ഞ ദിവസം തേക്കുമുരിങ്ങക്ക് സമീപമുള്ള പോക്കമടയിൽ മുഹമ്മദ് നാസർ, എം. നാരായണൻ എന്നിവരുടെ വളപ്പിലെ തെങ്ങുകളും വൃക്ഷങ്ങളും പിഴുതെറിഞ്ഞു വ്യാപക നാശം വരുത്തിയിരുന്നു.
കാവുങ്കൽ വീട്ടിൽ രാമദാസിന്റെ തെങ്ങുകളും മുറിച്ചെറിഞ്ഞു ഭീകരത സൃഷ്ടിച്ചിരുന്നു. തേക്കുമുറിക്കു സമീപത്തായി സൗരോർജ വേലി നിലവിലുണ്ടെങ്കിലും മുന്പ് ഈ കന്പിവേലിയേയും മരത്തടി ഉപയോഗിച്ച് നശിപ്പിച്ച് ജനവാസ മേഖലയിൽ എത്താറുണ്ട്. മലയോരവാസികൾ അറിയിക്കുന്ന സമയത്ത് വനപാലക സംഘം സ്ഥലത്തെത്തി ആനകളെ തുരത്തി വിടാറുണ്ടെങ്കിലും പോയവേഗതയിൽ തന്നെ രാത്രി സമയങ്ങളിൽ ആന തിരിച്ചെത്തുന്നുമുണ്ടു്.
വന്യമൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിച്ചാൽ വനം വകുപ്പ് ധനസഹായം നൽകുമെന്ന് അറിയിപ്പുണ്ടെങ്കിലും ഇതുവരെ ആർക്കും ഇത് ലഭിച്ചിട്ടില്ലെന്നത് കർഷകരെ കൂടുതൽ വിഷമത്തിലാക്കുകയാണ്. ആനക്കൂട്ടത്തിനു പുറമെ പുലി, കരടി ഉൾപ്പെടെ തെന്മലയടിവാരമേഖലയിൽ എത്തിയിട്ടുണ്ട്.